പുതിയ സാലറി ലിമിറ്റ് പുറത്ത് വിട്ട് ലാലിഗ,നെഗറ്റീവുള്ള ഏക ക്ലബായി ബാഴ്സ!
ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിന് ശേഷമുള്ള ക്ലബ്ബുകളുടെ പുതുക്കിയ സാലറി ലിമിറ്റ് ഇപ്പോൾ ലാലിഗ പുറത്തുവിട്ടിട്ടുണ്ട്. വലിയ രൂപത്തിലുള്ള മാറ്റങ്ങൾ ലിസ്റ്റിൽ സംഭവിച്ചിട്ടുണ്ട്.പ്രത്യേകിച്ച് വമ്പൻമാരായ എഫ്സി ബാഴ്സലോണയുടെ കാര്യത്തിൽ.അതായത് ഈ സാലറി ലിമിറ്റിൽ നെഗറ്റീവുള്ള ഏക ക്ലബ് എഫ്സി ബാഴ്സലോണയാണ്.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ ബാഴ്സയുടെ സാലറി ലിമിറ്റ് 97 മില്യൺ യൂറോയായി കുറഞ്ഞിരുന്നു. ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഒരുപിടി സൂപ്പർതാരങ്ങളെ ബാഴ്സ സ്വന്തമാക്കിയിരുന്നു.ഇത് കൊണ്ട് തന്നെ ബാഴ്സയുടെ ഇപ്പോഴത്തെ സാലറി ലിമിറ്റ് -144 ആണ്.ബാഴ്സയുടെ സാമ്പത്തിക പ്രതിസന്ധിയാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
— Murshid Ramankulam (@Mohamme71783726) March 15, 2022
അതുകൊണ്ടുതന്നെ ഇനി പുതിയ താരങ്ങളെ ടീമിലേക്കെത്തിക്കൽ ബാഴ്സക്ക് ദുഷ്കരമായ ഒരു കാര്യമായിരിക്കും.അതിന് ബാഴ്സ ചിലവ് കുറക്കുകയോ വരുമാനം വർദ്ധിപ്പിക്കുകയോ ചെയ്യേണ്ടിയിരിക്കുന്നു. ഏതായാലും ബാഴ്സയുടെ ഭാവി പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്ന ഒരു കാര്യമാണ് ഇത്.
അതേസമയം ലാലിഗയിൽ ഏറ്റവും ഉയർന്ന സാലറി ലിമിറ്റ് ഉള്ളത് റയൽ മാഡ്രിഡിനാണ്.739 മില്യൺ യൂറോയാണ് റയലിന്റെ സാലറി ലിമിറ്റ്. രണ്ടാം സ്ഥാനത്ത് സെവിയ്യ വരുന്നു.199 മില്യൺ യൂറോയാണ് ഇവരുടെ ലിമിറ്റ്. മൂന്നാം സ്ഥാനത്താണ് അത്ലറ്റികോ മാഡ്രിഡ് വരുന്നത്.161 മില്യൺ യൂറോയാണ് അത്ലറ്റികോയുടെ സാലറി ലിമിറ്റ്.