പുതിയ താരങ്ങളെ രജിസ്റ്റർ ചെയ്യാൻ ലാലിഗ അനുവദിക്കില്ല,ബാഴ്സയിൽ പ്രതിസന്ധി!

ഈ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി സൂപ്പർതാരങ്ങളെ സ്വന്തമാക്കാൻ വമ്പൻമാരായ ബാഴ്സലോണക്ക് സാധിച്ചിരുന്നു.റോബർട്ട് ലെവന്റോസ്ക്കി,റാഫീഞ്ഞ,കെസ്സി,ക്രിസ്റ്റൻസൺ,കൂണ്ടെ എന്നിവർ അതിൽ പെട്ടവരാണ്. മാത്രമല്ല തങ്ങളുടെ നിലവിലെ താരങ്ങളായ ഡെമ്പലെ,സെർജി റോബെർട്ടോ എന്നിവരുടെ കരാറുകൾ ബാഴ്സ പുതുക്കുകയും ചെയ്തിരുന്നു.

എന്നാൽ ഈ പുതിയ താരങ്ങളെയും പുതുക്കിയ താരങ്ങളെയും ഇതുവരെ രജിസ്റ്റർ ചെയ്യാൻ ബാഴ്സക്ക് സാധിച്ചിരുന്നില്ല.ബാഴ്സയുടെ ഉയർന്ന സാലറി ബില്ലാണ് ഇതിന് തടസ്സമായി നിലകൊള്ളുന്നത്. പക്ഷേ ലീഗ് തുടങ്ങുന്നതിനു മുന്നേ എല്ലാവരെയും രജിസ്റ്റർ ചെയ്യാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലായിരുന്നു ബാഴ്സ ഉണ്ടായിരുന്നത്.

പക്ഷേ കാര്യങ്ങൾ പ്രതിസന്ധിയിലേക്കാണ് ഇപ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഈ താരങ്ങളെയൊന്നും രജിസ്റ്റർ ചെയ്യാൻ നിലവിൽ ലാലിഗ അനുവദിക്കുന്നില്ല എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എഫ്സി ബാഴ്സലോണ തങ്ങളുടെ ഫണ്ടുകളും ബാലൻസുകളും ഉയർത്തിയാൽ മാത്രമേ ലാലിഗ ഈ ഏഴു താരങ്ങളെയും രജിസ്റ്റർ ചെയ്യാൻ അനുവദിക്കുകയുള്ളൂ. പ്രമുഖ മാധ്യമമായ ബ്ലീച്ചർ റിപ്പോർട്ട് ഇക്കാര്യം പുറത്ത് വിട്ടിട്ടുണ്ട്.

നേരത്തെ തേർഡ് ലെവർ ആക്ടിവേറ്റ് ചെയ്തതോടെ കൂടുതൽ ഫണ്ട് ബാഴ്സക്ക് ലഭിച്ചിരുന്നു.എന്നാൽ ഇതുകൊണ്ടൊന്നും മതിയാവില്ല. ബാഴ്സ ഫോർത്ത് ലെവർ കൂടി ആക്ടിവേറ്റ് ചെയ്താൽ മാത്രമേ ഇതിന് പരിഹാരമാവുകയുള്ളൂ എന്നാണ് പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല സൂപ്പർതാരങ്ങളായ ഡി യോങ്,ഡീപെ എന്നിവരെയും ബാഴ്സ ഒഴിവാക്കേണ്ടി വന്നേക്കും. എന്നാൽ താരങ്ങളെ ബാഴ്സക്ക് രജിസ്റ്റർ ചെയ്യാനായേക്കും.

ഏതായാലും ലീഗ് മത്സരങ്ങൾ തൊട്ടടുത്തെത്തി കഴിഞ്ഞിട്ടുണ്ട്. എത്രയും പെട്ടെന്ന് ബാഴ്സ ഇതിനൊരു പരിഹാരം കാണുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *