പുതിയ താരങ്ങളെ ആവശ്യമുണ്ടെന്ന് വീണ്ടുമറിയിച്ച് കൂമാൻ!

ഈ സീസണിൽ ബാഴ്സയുടെ പരിശീലകനായി എത്തിയ കൂമാൻ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒരുപിടി താരങ്ങളെ ലക്ഷ്യം വച്ചിരുന്നു. എന്നാൽ സെർജനോ ഡെസ്റ്റിനെ മാത്രമാണ് കൂമാന് ക്യാമ്പ് നൗവിൽ എത്തിക്കാൻ കഴിഞ്ഞത്. എറിക് ഗാർഷ്യ,മെംഫിസ് ഡീപേ, വിനാൾഡം എന്നിവരെ ബാഴ്സ ലക്ഷ്യം വെച്ചിരുന്നെങ്കിലും സാമ്പത്തികപ്രതിസന്ധികൾ കാരണം തട്ടകത്തിൽ എത്തിക്കാൻ സാധിച്ചിരുന്നില്ല. ഈ ജനുവരി ട്രാൻസ്ഫർ വിൻഡോ തുറന്നപ്പോഴും പുതിയ താരങ്ങളെ ആവശ്യമുണ്ടെന്ന് കൂമാൻ അറിയിച്ചിരുന്നു. അക്കാര്യം ഒരിക്കൽ കൂടി ആവർത്തിച്ചിരിക്കുകയാണ് കൂമാൻ. ഇന്ന് ലാലിഗയിൽ നടക്കുന്ന എൽചെക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിലാണ് ഇക്കാര്യം കൂമാൻ വീണ്ടും ആവർത്തിച്ചത്. നിർബന്ധമായും ചില സൈനിംഗുകളെ ബാഴ്സക്ക്‌ ആവശ്യമുണ്ടെന്നാണ് കൂമാൻ അറിയിച്ചത്.

” എന്റെ പൊസിഷനെക്കുറിച്ച് എനിക്കറിയാം. ഞങ്ങളുടെ ടീമിൽ താരങ്ങളുടെ അഭാവമുണ്ട്.പക്ഷെ ഞങ്ങളുടെ സാമ്പത്തികസ്ഥിതി ഇതുമായി ബന്ധപ്പെട്ട് കിടക്കുന്നു. മുമ്പ് പറഞ്ഞ കാര്യം തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. ടീമിലേക്ക് പുതിയ സൈനിംഗുകൾ എത്തിയിട്ടില്ലെങ്കിലും ഞങ്ങൾ അത് അംഗീകരിക്കും. ഞങ്ങൾ നിലവിലുള്ളത് പോലെ തന്നെ തുടരും. പക്ഷേ നിർബന്ധമായും ഞങ്ങൾ ചില സൈനിംഗുകൾ നടത്തേണ്ടതുണ്ട് ” കൂമാൻ പറഞ്ഞു. അതേസമയം പ്രതിരോധനിരയിലേക്ക് എറിക് ഗാർഷ്യ എത്തുമെന്ന അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ ജനുവരി ട്രാൻസ്ഫറിൽ,അല്ലെങ്കിൽ അടുത്ത സമ്മർ ട്രാൻസ്ഫറിൽ താരം ബാഴ്സലോണയിലേക്ക് എത്തുമെന്ന കാര്യം ഏകദേശം ഉറപ്പായി കഴിഞ്ഞിട്ടുണ്ട് എന്ന രൂപേണയാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *