പുതിയ ഓഫർ,മെസ്സിക്ക് വേണ്ടി വീണ്ടും മാഞ്ചസ്റ്റർ സിറ്റി രംഗത്തെത്തുന്നു!

കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിലേറ്റ വമ്പൻ തോൽവി മെസ്സിയുടെ ബാഴ്സയിലെ ഭാവിയെ വീണ്ടും അവതാളത്തിലാക്കിയിരിക്കുകയാണ്. ബാഴ്‌സ പ്രകടനത്തിൽ ഒട്ടും സന്തുഷ്ടനാവാത്ത മെസ്സി കഴിഞ്ഞ സീസണിൽ തന്നെ ക്ലബ് വിടാൻ തീരുമാനിച്ചിരുന്നു. ഈ സീസണിലും സമാനഅവസ്ഥ തന്നെ തുടരുന്നതോടെ മെസ്സി ബാഴ്സ വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾ വളരെ ശക്തമാണ്. കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ മെസ്സിയെ മാഞ്ചസ്റ്റർ സിറ്റിയുമായി ബന്ധപ്പെടുത്തി കൊണ്ടാണ് വാർത്തകൾ വന്നിരുന്നുവെങ്കിൽ ഇപ്പോൾ പിഎസ്ജിയാണ് മുൻപന്തിയിൽ നിൽക്കുന്നത്. എന്നാൽ മാഞ്ചസ്റ്റർ സിറ്റി പിന്മാറാൻ ഒരുക്കമല്ല. ചാമ്പ്യൻസ് ലീഗിലെ തോൽവിക്ക് പിന്നാലെ പുതിയ ഒരു ഓഫറുമായി മെസ്സിയെ സമീപിക്കാനാണ് സിറ്റിയുടെ തീരുമാനം.

ഇംഗ്ലീഷ് മാധ്യമമായ സണ്ണിനെ ഉദ്ധരിച്ചു കൊണ്ട് മാർക്ക ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. മുമ്പ് അഞ്ച് വർഷത്തെ കരാറായിരുന്നു സിറ്റി മെസ്സിക്ക് ഓഫർ ചെയ്തിരുന്നത്. ഇതിന് 600 മില്യൺ പൗണ്ടും സിറ്റി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഈ തുക ഒരല്പം കുറച്ചു കൊണ്ടുള്ള ഓഫറുമായാണ് ഇത്തവണ മാഞ്ചസ്റ്റർ സിറ്റി മെസ്സിയെ സമീപിക്കുക. 430 മില്യൺ പൗണ്ട് ആണ് മെസ്സിക്ക് ഇത്തവണ സിറ്റി ഓഫർ ചെയ്യുക എന്നാണ് റിപ്പോർട്ടുകൾ പ്രതിപാദിക്കുന്നത്. 170 മില്യൺ പൗണ്ട് ആദ്യത്തെ ഓഫറിൽ നിന്നും സിറ്റി കുറച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ ഈ ഓഫറുമായി മെസ്സിയെ മാഞ്ചസ്റ്റർ സിറ്റി സമീപിച്ചിട്ടില്ല. ഈ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരിക്കും ക്ലബ്ബുകൾ മെസ്സിയെ സമീപിക്കുക. ഈ സീസണിന് ശേഷം മാത്രമേ തന്റെ ഭാവിയെപ്പറ്റിയുള്ള തീരുമാനങ്ങൾ എടുക്കുകയുള്ളൂ എന്ന് മെസ്സി മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *