പിഎസ്ജി പിന്തിരിയുന്നില്ല, മെസ്സിക്ക് പുതിയ ഓഫർ!

ഈ സീസണോട് കൂടിയാണ് സൂപ്പർ താരം ലയണൽ മെസ്സിയുടെ ബാഴ്സയുമായുള്ള കരാർ അവസാനിക്കുക. ജൂൺ മുപ്പതോട് കൂടി മെസ്സി ഫ്രീ ഏജന്റാവും. താരത്തിന് ഏത് ക്ലബ്ബിൽ വേണമെങ്കിലും ചേരാം. ഇതുവരെ ബാഴ്സയുമായുള്ള കരാർ പുതുക്കാൻ മെസ്സി തയ്യാറായിട്ടുമില്ല. ഏതായാലും മെസ്സിയെ ക്ലബ്ബിൽ എത്തിക്കാൻ ഏറ്റവും കൂടുതൽ ശ്രമിക്കുന്ന ക്ലബ് പിഎസ്ജിയാണ്. ശക്തമായ അഭ്യൂഹങ്ങൾ ഈയൊരു ഇടക്കാലയളവിൽ പ്രചരിച്ചിരുന്നു. പക്ഷെ ഈയിടക്ക് അതിന് ശമനം വന്നിരുന്നുവെങ്കിലും വീണ്ടും അതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തേക്ക് വന്നു കൊണ്ടിരിക്കുന്നുണ്ട്. മെസ്സിക്ക് വേണ്ടിയുള്ള ശ്രമത്തിൽ നിന്ന് പിന്തിരിയാൻ പിഎസ്ജി ഒരുക്കമല്ലെന്നും പുതിയ ഓഫർ പിഎസ്ജി മെസ്സിക്ക് നൽകുമെന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ബ്രസീലിയൻ മാധ്യമമായ ടിഎൻടി സ്പോർട്സിനെ ഉദ്ധരിച്ചു കൊണ്ട് സ്പോർട്ട്, മാർക്ക എന്നിവർ ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

രണ്ട് വർഷത്തെ കരാറായിരിക്കും പിഎസ്ജി മെസ്സിക്ക് ഓഫർ ചെയ്യുക. കൂടാതെ ഒരു ഓപ്ഷണൽ ഇയറുമുണ്ടാകും. ഇങ്ങനെ മൂന്ന് വർഷം മെസ്സിക്ക് പിഎസ്ജിയിൽ തുടരാം. എന്നാൽ സാലറിയുമായി ബന്ധപ്പെട്ടതൊന്നും ഈ റിപ്പോർട്ടിൽ ഇല്ല. പക്ഷെ മെസ്സി നിലവിൽ ഈ ഓഫർ സ്വീകരിക്കാൻ സാധ്യത കുറവാണ്. എന്തെന്നാൽ ഈ സീസണിന് ശേഷം മാത്രമേ ഇതേ പറ്റി തീരുമാനം എടുക്കുകയൊള്ളൂ എന്ന നിലപാടാണ് നിലവിൽ മെസ്സി സ്വീകരിച്ചിരിക്കുന്നത്. അതേസമയം മെസ്സി ബാഴ്‌സയുമായി കരാർ പുതുക്കാനുള്ള സാധ്യതകൾ ഏറി വരികയാണെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. പുതിയ പ്രസിഡന്റ്‌ ലാപോർട്ട മെസ്സിയുമായി നല്ല ബന്ധത്തിലാണ് എന്നതാണ് ഇതിന് കാരണം.

Leave a Reply

Your email address will not be published. Required fields are marked *