പണി കിട്ടാൻ സാധ്യതയുണ്ട്:എംബപ്പേക്കൊപ്പം കളിക്കുന്ന ബ്രസീലിയൻ താരങ്ങൾക്ക് നെയ്മർ മുന്നറിയിപ്പ് നൽകി?
സൂപ്പർ താരം കിലിയൻ എംബപ്പേ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് റയൽ മാഡ്രിഡിൽ എത്തിയത്. എന്നാൽ പ്രതീക്ഷിച്ച രൂപത്തിലുള്ള മികവ് അദ്ദേഹത്തിൽ നിന്നും പുറത്തുവന്നിട്ടില്ല.മാത്രമല്ല ഈ സീസണിൽ റയൽ മാഡ്രിഡ് ഇതുവരെ ഒരല്പം ബുദ്ധിമുട്ടുന്നതായാണ് കാണാൻ സാധിക്കുന്നത്. നിരവധി സൂപ്പർ താരങ്ങൾ ഉണ്ടായിട്ടും അവരുടെ യഥാർത്ഥ മികവിലേക്ക് ഉയരാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിട്ടില്ല.
എംബപ്പേക്കൊപ്പം നിരവധി ബ്രസീലിയൻ താരങ്ങൾ റയലിൽ കളിക്കുന്നുണ്ട്.വിനീഷ്യസ് ജൂനിയർ,റോഡ്രിഗോ എന്നിവരാണ് പ്രധാനപ്പെട്ട താരങ്ങൾ. കൂടാതെ എൻഡ്രിക്കും എഡർ മിലിറ്റാവോയും അവിടെയുണ്ട്.എംബപ്പേക്കൊപ്പം കളിക്കുന്ന ബ്രസീലിയൻ താരങ്ങൾക്ക് നെയ്മർ ജൂനിയർ ചില മുന്നറിയിപ്പുകൾ നൽകി എന്ന് പ്രമുഖ ഫ്രഞ്ച് ജേണലിസ്റ്റായ സിറിൽ ഹനൗന വെളിപ്പെടുത്തിയിട്ടുണ്ട്.ഒരു ടിവി പ്രോഗ്രാമിൽ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.
” റയൽ മാഡ്രിഡിൽ നെയ്മറുടെ ഒരുപാട് ബ്രസീലിയൻ സുഹൃത്തുക്കൾ ഉണ്ട്. അവർക്കെല്ലാം നെയ്മർ ജൂനിയർ മുന്നറിയിപ്പ് നൽകി എന്നാണ് എനിക്ക് അറിയാൻ സാധിക്കുന്നത്.നെയ്മർക്കും എംബപ്പേക്കുമിടയിൽ എപ്പോഴും യുദ്ധമായിരുന്നു. അതുകൊണ്ടാണ് നെയ്മർ ഈ ബ്രസീലിയൻ താരങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.എംബപ്പേക്കൊപ്പം കളിക്കുന്നത് നിങ്ങൾക്ക് ദോഷം ചെയ്യുമെന്നും അത് നരക തുല്യമായിരിക്കും എന്നുമുള്ള മുന്നറിയിപ്പാണ് നെയ്മർ നൽകിയിട്ടുള്ളത് “ഇതാണ് ഫ്രഞ്ച് പത്രപ്രവർത്തകൻ പറഞ്ഞിട്ടുള്ളത്.
നെയ്മർ ജൂനിയർ ഇങ്ങനെ മുന്നറിയിപ്പ് നൽകി എന്നുള്ളതിന് വേറെ തെളിവുകൾ ഒന്നുമില്ല. മറിച്ച് ഈ ജേണലിസ്റ്റ് ആരോപിക്കുകയാണ് ചെയ്തിട്ടുള്ളത്. ഏതായാലും നിരവധി സൂപ്പർതാരങ്ങൾ ഉള്ളതുകൊണ്ട് തന്നെ റയൽ മാഡ്രിഡ് ഡ്രസിങ് റൂമിൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്നുള്ള മുന്നറിയിപ്പ് പലരും നൽകുന്നുണ്ട്. എന്നാൽ ഇതുവരെ അത്തരത്തിലുള്ള പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. പക്ഷേ ടീമിന് യഥാർത്ഥ മികവ് പുറത്തെടുക്കാൻ സാധിക്കുന്നില്ല എന്നുള്ളത് ഒരല്പം ആശങ്കാജനകമായ കാര്യം തന്നെയാണ്.