പണം കൊണ്ടല്ല,ഹൃദയംകൊണ്ട് തീരുമാനമെടുത്താൽ മെസ്സി ബാഴ്സയിൽ തിരിച്ചെത്തും:മുൻ പ്രസിഡന്റ്‌

ലയണൽ മെസ്സിയുടെ ഭാവിയാണ് ഫുട്ബോൾ ലോകത്തെങ്ങും സംസാരവിഷയം.പിഎസ്ജിയിൽ തുടരാൻ ലയണൽ മെസ്സിക്ക് താല്പര്യമില്ല എന്നുള്ളത് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ടുതന്നെ മെസ്സി അടുത്ത സീസണിൽ ഏത് ടീമിൽ കളിക്കും എന്നുള്ളതാണ് ആരാധകർക്കറിയേണ്ട കാര്യം.മെസ്സിയെ തിരികെ എത്തിക്കാൻ ബാഴ്സ ശ്രമിക്കുന്നുണ്ടെങ്കിലും FFP നിയന്ത്രണങ്ങൾ അവർക്ക് വലിയൊരു തലവേദനയാണ്.

ലയണൽ മെസ്സി ബാഴ്സയിൽ തിരിച്ചെത്തുന്നതിനെക്കുറിച്ച് അവരുടെ മുൻപ്രസിഡന്റായ ജോയൻ ഗാസ്പാർട് ചില കാര്യങ്ങൾ പങ്കു വച്ചിട്ടുണ്ട്.പണം കൊണ്ടല്ല, ഹൃദയംകൊണ്ട് മെസ്സി തീരുമാനമെടുത്താൽ അദ്ദേഹം തീർച്ചയായും ബാഴ്സയിൽ തന്നെ തിരിച്ചെത്തും എന്നാണ് ഗാസ്പാർട്ട് പറഞ്ഞിട്ടുള്ളത്. മെസ്സി അർഹിക്കുന്നത് ഇതുവരെ നൽകാൻ ബാഴ്സക്ക് കഴിഞ്ഞിട്ടില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.ഗാസ്പാർട്ടിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” സാമ്പത്തികപരമായ കാര്യങ്ങൾ പരിഗണിക്കുകയാണെങ്കിൽ നിങ്ങൾക്ക് വേറെയും മികച്ച ഓഫറുകൾ ഉണ്ടാവും.പക്ഷേ നിങ്ങളെ ഹൃദയം കൊണ്ട് തീരുമാനിക്കുകയാണെങ്കിൽ നിങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന സ്ഥലത്തേക്കായിരിക്കും എത്തുക. ലയണൽ മെസ്സിയുടെ കാര്യത്തിൽ അത് ബാഴ്സയാണ്. മെസ്സിക്ക് തന്റെ കരിയർ അവസാനിച്ചാലും ജീവിതകാലം മുഴുവനും ബാഴ്സയിൽ തന്നെ തുടരാം. അതിന് പണവുമായി യാതൊരുവിധ ബന്ധവുമില്ല. ബാഴ്സ ഇപ്പോൾ മികച്ച നിലയിൽ ഒന്നുമല്ല. പക്ഷേ മെസ്സി തിരികെ എത്താൻ ഒരുപാട് സാധ്യതകൾ ഉണ്ട്.ലയണൽ മെസ്സി അർഹിക്കുന്നത് എന്താണോ അത് ഇതുവരെ നൽകാൻ ബാഴ്സക്ക് കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. ക്ലബ്ബ് വിട്ട സമയത്ത് അദ്ദേഹം വളരെയധികം ദുഃഖിതൻ ആയിരുന്നു ” ഇതാണ് മുൻ പ്രസിഡന്റ് ഇപ്പോൾ പറഞ്ഞിട്ടുള്ളത്.

കരാർ പുതുക്കാൻ വേണ്ടിയുള്ള പിഎസ്ജിയുടെ ഓഫറും സൗദി അറേബ്യൻ ക്ലബ്ബായ അൽഹിലാലിന്റെ ഓഫറും ഇപ്പോൾ മെസ്സിയുടെ മുന്നിലുണ്ട്. പക്ഷേ മെസ്സി കാത്തിരിക്കുന്നത് ബാഴ്സലോണയുടെ ഓഫറിന് വേണ്ടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *