പകരക്കാരനായി വന്ന് ഇരട്ടഗോളടിച്ച് മെസ്സി, അഞ്ചിന്റെ മൊഞ്ചുമായി ബാഴ്സ തിരിച്ചെത്തി !

പകരക്കാരനായി വന്നു കൊണ്ട് ഇരട്ടഗോളുകൾ നേടിയ സൂപ്പർ താരം ലയണൽ മെസ്സിയുടെ മികവിൽ എഫ്സി ബാഴ്സലോണക്ക് ഉജ്ജ്വലവിജയം. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് റയൽ ബെറ്റിസിനെ സ്വന്തം മൈതാനത്ത് ബാഴ്‌സ തരിപ്പണമാക്കിയത്. കഴിഞ്ഞ നാലു ലാലിഗ മത്സരങ്ങളിൽ വിജയം നേടാനാവാത്ത ബാഴ്സ ഇത്തവണ പിഴവ് ആവർത്തിച്ചില്ല. ബാഴ്സക്ക് വേണ്ടി മെസ്സി ഇരട്ടഗോളുകൾ നേടിയപ്പോൾ ഡെംബലെ, ഗ്രീസ്‌മാൻ, പെഡ്രി എന്നിവർ ശേഷിച്ച ഗോളുകൾ നേടി. റയൽ ബെറ്റിസിന്റെ ഗോളുകൾ സനാബ്രിയ, മോറോൺ എന്നിവരാണ് നേടിയത്. ജയത്തോടെ ബാഴ്‌സ ലീഗിൽ എട്ടാം സ്ഥാനത്താണ്. ഏഴ് മത്സരങ്ങളിൽ നിന്ന് പതിനൊന്ന് പോയിന്റാണ് ബാഴ്സയുടെ സമ്പാദ്യം.

മെസ്സിക്ക് വിശ്രമമനുവദിച്ച് കൊണ്ടാണ് ബാഴ്‌സ ആദ്യ ഇലവനെ പുറത്തു വിട്ടത്. മത്സരത്തിന്റെ 22-ആം മിനുട്ടിൽ ഗ്രീസ്‌മാന്റെ പാസ് സ്വീകരിച്ച ഡെംബലെ ഒരു തകർപ്പൻ ഷോട്ടിലൂടെ വലകുലുക്കി. തുടർന്ന് 33-ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ഗ്രീസ്‌മാൻ പാഴാക്കുകയായിരുന്നു. ബെറ്റിസ് കീപ്പർ ബ്രാവോ തടുത്തിടുകയായിരുന്നു. ആദ്യപകുതിയുടെ അവസാനനിമിഷത്തിൽ ബെറ്റിസിന് വേണ്ടി സനാബ്രിയ സമനില നേടികൊടുത്തു. രണ്ടാം പകുതിയിലാണ് മെസ്സി വന്നത്. തുടർന്ന് 49-ആം മിനുട്ടിൽ ആൽബയുടെ പാസിൽ നിന്ന് ഗ്രീസ്‌മാൻ ഗോൾ നേടി. മെസ്സി ലീവ് ചെയ്ത ബോൾ ഗ്രീസ്‌മാൻ വലയിലാക്കുകയായിരുന്നു. 61-ആം മിനുട്ടിൽ ഡെംബലെയുടെ ഗോളെന്നുറച്ച ഷോട്ട് കൈകൊണ്ട് തടുത്തതിന് മന്റിക്ക് റെഡ് കാർഡ് ലഭിച്ചു. തുടർന്ന് ലഭിച്ച പെനാൽറ്റി മെസ്സി ലക്ഷ്യത്തിലെത്തിച്ചു. 73-ആം മിനിറ്റിൽ പത്ത് പേരായി ചുരുങ്ങിയിട്ടും മോറോണിലൂടെ ബെറ്റിസ് ഒരു ഗോൾ മടക്കി. 82-ആം മിനുട്ടിൽ റോബെർട്ടോയുടെ പാസ് സ്വീകരിച്ച മെസ്സി ഒരു കരുത്തുറ്റ ഷോട്ടിലൂടെ ഇരട്ടഗോൾ തികച്ചു. 90-ആം മിനുട്ടിൽ റോബെർട്ടോയുടെ പാസിൽ നിന്ന് പെഡ്രി കൂടി ഗോൾ നേടിയതോടെ ബാഴ്‌സയുടെ ഗോൾപട്ടിക പൂർത്തിയായി.

Leave a Reply

Your email address will not be published. Required fields are marked *