നെയ്മർ-ബാഴ്‌സ പ്രശ്നം അവസാനിക്കുന്നില്ല, ഇത്തവണ ബാഴ്സ നെയ്മർക്കെതിരെ കോടതിയിലേക്ക്?

സൂപ്പർ താരം നെയ്മർ ജൂനിയറും താരത്തിന്റെ മുൻ ക്ലബായ എഫ്സി ബാഴ്സലോണയും തമ്മിലുള്ള പ്രശ്നങ്ങൾക്ക്‌ വിരാമമാവുന്നില്ല. പുതുതായി മറ്റൊരു പ്രശ്നം കൂടി ഇരുവർക്കുമിടയിൽ ഉടലെടുത്തിരിക്കുകയാണ്. ഇത്തവണ ബാഴ്സയാണ് നെയ്മർക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. പത്ത് മില്യൺ യൂറോയോളം നെയ്മർ ബാഴ്സയിൽ നിന്നും അധികമായി കൈപ്പറ്റി എന്നാണ് പുതിയ പരാതി. സ്പാനിഷ് മാധ്യമമായ എൽ മുണ്ടോയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ട്രഷറി വിദഗ്ദൻമാരുടെ കണ്ടെത്തലിലാണ് 10.2 മില്യൺ യൂറോ ബാഴ്‌സ നെയ്മർക്ക്‌ അധികമായി നൽകിഎന്ന് വെളിവായത്. ഇക്കാര്യം ക്ലബ്ബിനും താരത്തിനുമിടയിൽ പരിഹാരം കണ്ടെത്താനായില്ലെങ്കിൽ ഒരിക്കൽ കൂടി ബാഴ്സ-നെയ്മർ പ്രശ്നം കോടതിയിലെത്തും.

നെയ്മറുടെ നികുതി കാര്യത്തിൽ വന്ന പിഴവ് മൂലമാണ് നെയ്മർക്ക്‌ പത്ത് മില്യണോളം ബാഴ്സ അധികമായി നൽകിയത് എന്ന് കണ്ടെത്തിയത്. ഏതായാലും വരും ദിവസങ്ങളിൽ ഇതിന്റെ വിശദമായ വിവരങ്ങൾ ലഭ്യമായേക്കും. മുമ്പ് ക്ലബ് വിട്ട സമയത്ത് നെയ്മർ ബാഴ്സക്കെതിരെ കോടതിയെ സമീപിച്ചിരുന്നു. സാമ്പത്തികമായ ഇടപാടുകൾ സംബന്ധിച്ചായിരുന്നു ഇത്. എന്നാൽ ഇതിൽ നെയ്മർ പരാജയപ്പെടുകയും ബാഴ്‌സക്ക്‌ നെയ്മർ പണം നൽകേണ്ടി വരികയും ചെയ്തിരുന്നു. ഏതായാലും നെയ്മർ-ബാഴ്‌സ പ്രശ്നം ഒരിക്കൽ കൂടി രംഗത്ത് വന്നിരിക്കുകയാണ്. നെയ്മർ ബാഴ്‌സയിലേക്ക് മടങ്ങണമെന്ന മോഹം ഉപേക്ഷിച്ചതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. താരം ഉടൻ തന്നെ പിഎസ്ജിയുമായി കരാറിൽ ഏർപ്പെട്ടെക്കും.

Leave a Reply

Your email address will not be published. Required fields are marked *