നെയ്മർ ബാഴ്സയിലേക്ക് തിരികെയെത്തുന്നുവോ? പുതിയ വിവരങ്ങൾ നൽകി സാവി!
പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയറെ ചുറ്റിപ്പറ്റി വീണ്ടും അഭ്യൂഹങ്ങൾ മുളച്ചു പൊന്തുന്ന ഒരു സമയമാണിത്.നെയ്മറെ ഒഴിവാക്കാൻ പിഎസ്ജി ആലോചിക്കുന്നുണ്ട് എന്നുള്ള കാര്യം പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയനായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്.പിഎസ്ജി ഇക്കാര്യവുമായി ബന്ധപ്പെട്ട് ബാഴ്സയെ സമീപിച്ചുവെന്നും ഇവർ റിപ്പോർട്ട് ചെയ്തിരുന്നു.
ഏതായാലും ഈ വിഷയത്തിലുള്ള കൂടുതൽ വിശദീകരണങ്ങൾ ബാഴ്സയുടെ പരിശീലകനായ സാവി ഇപ്പോൾ നൽകിയിട്ടുണ്ട്.അതായത് നെയ്മറുടെ തിരിച്ചു വരവുമായി ബന്ധപ്പെട്ട് ഇതുവരെ സംസാരിച്ചിട്ടില്ല എന്നാണ് സാവി പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സാവിയുടെ വാക്കുകൾ ഇങ്ങനെയാണ്.
Video: Xavi Discusses a Possible Return of Neymar to Barcelona https://t.co/q3E3RCtS2H
— PSG Talk (@PSGTalk) May 24, 2022
” നെയ്മർക്ക് മറ്റൊരു ക്ലബുമായി കരാറുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹം ബാഴ്സയിലേക്ക് മടങ്ങി വരുമോ എന്നുള്ള ചോദ്യത്തിന് ഉത്തരം പറയൽ വളരെയധികം ബുദ്ധിമുട്ടാണ്. ഇത്തരത്തിലുള്ള താരങ്ങളൊന്നും ഞങ്ങളുടേത് അല്ലല്ലോ.ലെവന്റോസ്ക്കിയെ കുറിച്ച് ചോദിച്ചാലും സംസാരിക്കുക എളുപ്പമല്ല. പക്ഷേ ഞങ്ങൾക്ക് ഞങ്ങളുടെ ടീമിന്റെ ശക്തി വർദ്ധിപ്പിക്കേണ്ടതുണ്ട്.എന്താണ് ചെയ്യാൻ കഴിയുക, എന്താണ് ചെയ്യാൻ കഴിയാതിരിക്കുക എന്നുള്ളത് ഞങ്ങൾ നോക്കേണ്ടതുണ്ട്. ഏതൊക്കെ പൊസിഷനുകൾക്കാണ് മുൻഗണന നൽകേണ്ടത് എന്നുള്ളത് ഞങ്ങൾ പരിശോധിക്കും. തീർച്ചയായും ഞാൻ ഒരിക്കലും വെറുക്കാത്ത ഒരു താരമാണ് നെയ്മർ.പക്ഷെ ഞങ്ങൾ ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല.സത്യത്തിൽ നെയ്മറുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് യാതൊന്നും തന്നെ സംസാരിച്ചിട്ടില്ല ” ഇതാണ് സാവി പറഞ്ഞത്.
2017-ലായിരുന്നു നെയ്മർ ലോക റെക്കോർഡ് തുകക്ക് ബാഴ്സ വിട്ടുകൊണ്ട് പിഎസ്ജിയിൽ എത്തിയത്.പിന്നീട് അദ്ദേഹം ബാഴ്സയിലേക്ക് തന്നെ തിരികെ എത്തുമെന്നുള്ള റൂമറുകൾ നിരവധി തവണ ഉയർന്നു കേട്ടിരുന്നു.