നെയ്മറെ തിരികെ എത്തിക്കാത്തത് നന്നായി : ബാഴ്‌സ പ്രസിഡന്റ്‌!

2017-ലായിരുന്നു സൂപ്പർ താരം നെയ്മർ ജൂനിയർ എഫ്സി ബാഴ്സലോണ വിട്ടു കൊണ്ട് പിഎസ്ജിയിലേക്ക് ചേക്കേറിയത്. അതിന് ശേഷമുള്ള ഓരോ സമ്മർ ട്രാൻസ്ഫർ ജാലകത്തിലും നെയ്മർ ബാഴ്‌സയിലേക്ക്‌ തിരികെയെത്തുമെന്നുള്ള റൂമറുകൾ പരന്നിരുന്നു. എന്നാൽ ഒടുവിൽ നെയ്മർ പിഎസ്ജിയുമായി കരാർ പുതുക്കുകയായിരുന്നു.

ഏതായാലും നെയ്മർ ജൂനിയറെ എഫ്സി ബാഴ്സലോണ തിരികെ എത്തിക്കാൻ ശ്രമിച്ചിരുന്നു എന്നുള്ള കാര്യം സ്ഥിരീകരിച്ചിരിക്കുകയാണിപ്പോൾ ബാഴ്‌സയുടെ പ്രസിഡന്റായ ജോയൻ ലാപോർട്ട. എന്നാൽ നെയ്മറെ സൈൻ ചെയ്യാത്തത് നന്നായി എന്നും സാമ്പത്തികപരമായി അദ്ദേഹത്തിന് ക്ലബ്ബിനെ സഹായിക്കാൻ കഴിയുമായിരുന്നില്ല എന്നുമാണ് ലാപോർട്ട ഇപ്പോൾ അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ഒരുപാട് തവണ ഇക്കാര്യം നേരത്തെ വിശദീകരിച്ചതാണ്. നെയ്മറെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ ബാഴ്‌സ നടത്തിയിരുന്നു.പക്ഷേ ഞങ്ങൾ അത് പൂർത്തിയാക്കിയിരുന്നില്ല. നെയ്മർക്ക്‌ ബാഴ്‌സയിലേക്ക് മടങ്ങി എത്താൻ ആഗ്രഹമുണ്ട് എന്നുള്ള കാര്യം അവർ ഞങ്ങളോട് പറഞ്ഞു. നെയ്മർക്ക്‌ പിഎസ്ജിയിൽ തുടരാൻ താൽപര്യമില്ലായിരുന്നു.ക്ലബ് വിടാനുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം. പക്ഷേ ഞങ്ങൾക്ക് അതിന് സാധിച്ചില്ല.എന്നിരുന്നാലും നെയ്മർ സൈൻ ചെയ്യാത്തത് നല്ല കാര്യമായി. എന്തെന്നാൽ അദ്ദേഹത്തിന് ഞങ്ങളെ സഹായിക്കാൻ കഴിയുമായിരുന്നില്ല. ഒരുപക്ഷേ ഒരുപാട് വരുമാനം നൽകാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു. പക്ഷേ അത് ബാഴ്‌സക്ക്‌ മതിയാകുമായിരുന്നില്ല ” ലാപോർട്ട പറഞ്ഞു.

ഈ സീസണിൽ മെസ്സിയെയും ഗ്രീസ്മാനേയും എഫ്സി ബാഴ്സലോണക്ക്‌ നഷ്ടമായിരുന്നു. സാമ്പത്തികപരമായും സ്പോർട്ടിങ്പരമായും ബാഴ്‌സ തകർച്ചയുടെ വക്കിലാണ്.

Leave a Reply

Your email address will not be published. Required fields are marked *