നെയ്മറുടെ കരാർ പുതുക്കൽ, ലിയനാർഡോ പ്രതികരിച്ചത് ഇങ്ങനെ!

സൂപ്പർ താരം നെയ്മർ ജൂനിയറുടെ പിഎസ്ജിയുമായുള്ള കരാർ പുതുക്കൽ സങ്കീർണമായ ഒരവസ്ഥയിലൂടെയാണ് കടന്നു പോയി കൊണ്ടിരിക്കുന്നത്. കരാർ പുതുക്കാനുള്ള സമ്മതമൊക്കെ നെയ്മർ പിഎസ്ജിയെ അറിയിച്ചിട്ടുണ്ടെങ്കിലും താരം ഇതുവരെ ഔദ്യോഗികമായി സൈൻ ചെയ്യാത്തതാണ് പിഎസ്ജിക്ക് തലവേദന സൃഷ്ടിക്കുന്നത്. ചാമ്പ്യൻസ് ലീഗിലെ സെമിക്ക് മുന്നോടിയായെങ്കിലും കരാർ പുതുക്കണമെന്നായിരുന്നു പിഎസ്ജിയുടെ കണക്കുകൂട്ടലുകൾ. എന്നാൽ ഇതുവരെ നെയ്മർ അതിന് വഴങ്ങിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പിഎസ്ജിയുടെ സ്പോർട്ടിങ് ഡയറക്ടറായ ലിയനാർഡോക്കും ഇത്‌ സംബന്ധിച്ച ചോദ്യങ്ങൾ നേരിടേണ്ടി വന്നിരുന്നു. വുമൺസ് ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന് വേണ്ടി ബാഴ്സയിൽ എത്തിയതായിരുന്നു ലിയനാർഡോ.ഇതിന് ശേഷമാണ് സ്പാനിഷ് മാധ്യമങ്ങൾ ലിയനാർഡോയോട് നെയ്മറെ പറ്റി ചോദിച്ചത്. തങ്ങൾ ദൃതി വെക്കുന്നില്ലെന്നും പതിയെ മുന്നോട്ട് പോവാനാണ് ശ്രമിക്കുന്നത് എന്നുമാണ് ഇതിനോട് ലിയനാർഡോ പ്രതികരിച്ചത്. കൂടാതെ എംബപ്പേ റയലിലേക്ക് പോവുമെന്ന റൂമറിനോട്‌ പ്രതികരിക്കാൻ അദ്ദേഹം തയ്യാറായതുമില്ല.

” വുമൺസ് ടീമിന്റെ പ്രകടനം കാണാൻ വേണ്ടിയാണ് ഞാൻ ഇന്ന് ഇവിടെ എത്തിയത്.നിർഭാഗ്യവശാൽ ഞങ്ങൾ പരാജയപ്പെടുകയായിരുന്നു.നെയ്മറുടെ കാര്യത്തിൽ ഞങ്ങൾക്ക് ദൃതിയില്ല. പതിയെ മുന്നോട്ട് പോവാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത് ” ഇതാണ് ലിയനാർഡോ സ്പാനിഷ് മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം നെയ്മർ ബാഴ്സയിലേക്ക് തിരികെ എത്തുമെന്നുള്ള വാർത്തകൾക്ക് ഇപ്പോഴും ശമനമില്ല. ബാഴ്‌സ ഇപ്പോഴും താരത്തിന് വേണ്ടി ശ്രമിക്കുന്നുണ്ടെന്നും ബാഴ്സക്ക് വേണ്ടിയാണ് നെയ്മർ കാത്തിരിക്കുന്നതെന്നുമാണ് ഒട്ടുമിക്ക സ്പാനിഷ് മാധ്യമങ്ങളും റിപ്പോർട്ട്‌ ചെയ്യുന്നത്. ബാഴ്സയുടെ പുതിയ പ്രസിഡന്റ്‌ ആയ ജോയൻ ലാപോർട്ടയാണ് ഇക്കാര്യത്തിൽ ഒരു തീരുമാനം കൈകൊള്ളേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *