നീണ്ട കാലത്തിന് ശേഷമുള്ള ഗോൾ, കൂട്ടീഞ്ഞോക്ക് പറയാനുള്ളത് ഇങ്ങനെ!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു എഫ്സി ബാഴ്സലോണ വലൻസിയയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ബ്രസീലിയൻ സൂപ്പർ താരം ഫിലിപ്പെ കൂട്ടീഞ്ഞോ ഗോൾ കണ്ടെത്തിയിരുന്നു.59-ആം മിനുട്ടിൽ ഫാറ്റിയുടെ പകരക്കാരനായി ഇറങ്ങിയ കൂട്ടീഞ്ഞോ 85-ആം മിനുട്ടിൽ ഡെസ്റ്റിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ നേടിയത്.2020 നവംബറിൽ ഗോൾ നേടിയതിന് ശേഷം ഇതാദ്യമായാണ് കൂട്ടീഞ്ഞോ ലാലിഗയിൽ ഗോൾ നേടുന്നത്. സർജറിക്ക് ശേഷം താരം ദീർഘകാലം പുറത്തായിരുന്നു. ഏതായാലും ഗോൾ നേടാൻ കഴിഞ്ഞതിൽ കൂട്ടീഞ്ഞോ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. മത്സരശേഷമുള്ള താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Coutinho had a message for his Barcelona doubters after netting in Valencia win https://t.co/63NPvPESRf
— Football España (@footballespana_) October 17, 2021
” ഞാൻ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു എന്നുള്ള കാര്യം എല്ലാവർക്കുമറിയാം.പക്ഷെ എനിക്കിപ്പോൾ കുഴപ്പമൊന്നുമില്ല.ഒരു നീണ്ട കാലയളവിന് ശേഷം എനിക്കൊരു ഗോൾ നേടാനായി.അതിലും കൂടാതെ ടീം വിജയിച്ചതിലും എനിക്ക് സന്തോഷം തോന്നുന്നു.എന്നെത്തേക്കാളും കൂടുതൽ ആഗ്രഹങ്ങൾ ഉള്ള ഒരു വ്യക്തിയാണ് ഞാൻ.ഞാൻ കടന്നു പോയത് ബുദ്ധിമുട്ടേറിയതും കഠിനമേറിയതുമായ ഒരു സമയത്തിലൂടെയായിരുന്നു.പക്ഷെ അതെന്നെ കൂടുതൽ കരുത്തനാക്കുന്നു.എനിക്ക് കൂടുതൽ മികവിലേക്ക് ഉയരണം.എനിക്ക് ഏറ്റവും മികച്ച ഒരു ഫിലിപ്പെ കൂട്ടീഞ്ഞോയായി മാറണം ” ഇതാണ് താരം മത്സരശേഷം മുണ്ടോ ഡിപോർട്ടിവോയോട് പറഞ്ഞത്.
ഇനി ചാമ്പ്യൻസ് ലീഗിൽ ഡൈനാമോ കീവിനെയാണ് ബാഴ്‌സ നേരിടേണ്ടത്. പിന്നീട് ലാലിഗയിൽ എൽ ക്ലാസിക്കോ അരങ്ങേറും.