നിലവിൽ ലോകത്തിലെ മികച്ച താരം വിനീഷ്യസോ? റിപ്പോർട്ട്!
ഇന്നലെ ലാലിഗയിൽ നടന്ന മാഡ്രിഡ് ഡെർബിയിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു റയൽ വിജയിച്ചു കയറിയിരുന്നത്. ഈ രണ്ട് ഗോളുകൾക്കും അസിസ്റ്റ് നൽകിയത് സൂപ്പർ താരം വിനീഷ്യസ് ജൂനിയറായിരുന്നു. സുന്ദരമായ ക്രോസുകളിൽ കൂടിയായിരുന്നു വിനീഷ്യസ് ഗോളിന് വഴിയൊരുക്കിയത്.
ഇതോടെ ലാലിഗയിലെ ഒന്നാം സ്ഥാനം റയൽ അരക്കിട്ടുറപ്പിച്ചിരുന്നു.42 പോയിന്റുള്ള റയൽ സെവിയ്യയേക്കാൾ 8 പോയിന്റിന് മുന്നിലാണ്. അത്ലറ്റിക്കോയേക്കാൾ 13 പോയിന്റിനും ബാഴ്‌സയേക്കാൾ 18 പോയിന്റിനും മുന്നിലാണ് റയൽ.റയലിന്റെ ലാലിഗയിലെ ഈ കുതിപ്പിന് പിന്നിലുള്ള ചാലകശക്തി വിനീഷ്യസ് ജൂനിയറാണ് എന്നുള്ള കാര്യം നിസ്സംശയം പറയാം.
— Murshid Ramankulam (@Mohamme71783726) December 13, 2021
ഏതായാലും പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക വിനീഷ്യസിനെ വിശേഷിപ്പിച്ചിരിക്കുന്നത് നിലവിലെ ലോകത്തിലെ ഏറ്റവും മികച്ച താരമാണ് എന്നാണ്. പലർക്കും പല അഭിപ്രായങ്ങൾ ഉണ്ടാവുമെങ്കിലും ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച താരം വിനീഷ്യസാണ് എന്നാണ് തങ്ങളുടെ അഭിപ്രായമെന്നാണ് മാർക്ക അറിയിച്ചിരിക്കുന്നത്. മുമ്പ് മെസ്സിയും ക്രിസ്റ്റ്യാനോയും തങ്ങളുടെ ക്ലബുകളിൽ എന്ത് ചെയ്തുവോ അത് തന്നെ വിനീഷ്യസ് ഇപ്പോൾ റയലിൽ ചെയ്തു കൊണ്ടിരിക്കുന്നത് എന്നും മാർക്ക കൂട്ടിച്ചേർക്കുന്നുണ്ട്.
നിലവിൽ മിന്നുന്ന ഫോമിലാണ് വിനീഷ്യസ് കളിക്കുന്നത് എന്ന കാര്യത്തിൽ ആർക്കും സംശയം കാണില്ല.10 ഗോളുകളും 4 അസിസ്റ്റുകളും വിനീഷ്യസ് ലാലിഗയിൽ നേടിക്കഴിഞ്ഞു.ചാമ്പ്യൻസ് ലീഗിലും സ്ഥിതി വ്യത്യസ്ഥമല്ല, രണ്ട് ഗോളുകളും 3 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്. കൂടാതെ ഡിഫൻസീവിൽ വരെ നല്ല രൂപത്തിൽ വിനീഷ്യസ് സഹായിക്കുന്നുണ്ട്. താരത്തിന്റെ ഈയൊരു മാറ്റത്തിന് ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത് കാർലോ ആഞ്ചലോട്ടി എന്ന പരിശീലകനോടാവും.