നാലു സൂപ്പർ താരങ്ങളുടെ കരാർ ഒരുമിച്ച് പുതുക്കി ബാഴ്‌സ, ആരാധകർക്ക് ആശ്വാസം !

നാല് സൂപ്പർ താരങ്ങളുടെ കരാർ ഒരുമിച്ച് പുതുക്കി എഫ്സി ബാഴ്സലോണ. ഇന്നലെ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഇക്കാര്യം ബാഴ്‌സ ആരാധകരെ അറിയിച്ചത്. ഗോൾ കീപ്പർ മാർക്ക് ആൻഡ്രേ ടെർ സ്റ്റീഗൻ, പ്രതിരോധനിര താരങ്ങളായ ക്ലമന്റ് ലെങ്ലെറ്റ്‌, ജെറാർഡ് പിക്വേ, മധ്യനിര താരമായ ഫ്രങ്കി ഡിജോങ് എന്നിവരുടെ കരാറാണ് ബാഴ്സ പുതുക്കിയത്. ഈ സൂപ്പർ താരങ്ങൾ ഇനി ദീർഘകാലത്തേക്ക് ബാഴ്സയ്ക്കൊപ്പമുണ്ടാവുമെന്നുള്ളത് ആരാധകർക്ക് ആശ്വാസമേകുന്ന കാര്യമാണ്. കോവിഡ് പ്രതിസന്ധി മൂലമായിരുന്നു ഈ നാല് താരങ്ങളുടെ കരാർ പുതുക്കൽ വൈകിയത്. സൂപ്പർ താരം പിക്വേ 2024 ജൂൺ വരെയാണ് കരാർ നീട്ടിയത്. താരത്തിന്റെ റിലീസ് ക്ലോസ് നിലവിൽ 500 മില്യൺ യൂറോയാണ്. താരത്തിന്റെ, ബാഴ്സയുടെ ഫസ്റ്റ് ടീമിനൊപ്പമുള്ള പതിമൂന്നാം സീസണാണ് ഇത്. ബാഴ്സക്ക് വേണ്ടി 548 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.

ഗോൾകീപ്പർ ടെർ സ്റ്റീഗൻ 2025 ജൂൺ മുപ്പത് വരെയാണ് കരാർ പുതുക്കിയിട്ടുള്ളത്. 500 മില്യൺ യൂറോയാണ് താരത്തിന്റെ റിലീസ് ക്ലോസ്. 236 മത്സരങ്ങളാണ് ഈ ജർമ്മൻ താരം ബാഴ്സക്ക് വേണ്ടി കളിച്ചിട്ടുള്ളത്. 2014-ലായിരുന്നു താരം ബാഴ്സയിൽ എത്തിയത്. 2026 ജൂൺ മുപ്പത് വരെയാണ് ക്ലമന്റ് ലെങ്ലെറ്റ്‌ ബാഴ്സയുമായുള്ള കരാർ പുതുക്കിയത്. ഇരുപത്തിയഞ്ച് വയസ്സുകാരനായ താരത്തിന്റെ റിലീസ് ക്ലോസ് 300 മില്യൺ യൂറോയാണ്. ബാഴ്‌സക്ക് വേണ്ടി 89 മത്സരങ്ങൾ താരം കളിച്ചു കഴിഞ്ഞു. 2026 വരെയാണ് മധ്യനിരയിലെ മിന്നും താരം ഫ്രങ്കി ഡിജോങ് ബാഴ്സയുമായി കരാർ പുതുക്കിയത്. 400 മില്യൺ യൂറോയാണ് താരത്തിന്റെ റിലീസ് ക്ലോസ്. ഇരുപത്തിമൂന്നുകാരനായ താരം ബാഴ്സക്ക് വേണ്ടി 47 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *