നവാസിനെ കൈവിടാൻ സിദാന് താല്പര്യമില്ലായിരുന്നു, വെളിപ്പെടുത്തൽ!
2019-ലായിരുന്നു സൂപ്പർ താരം കെയ്‌ലർ നവാസ് റയൽ വിട്ടു കൊണ്ട് പിഎസ്ജിയിലേക്ക് ചേക്കേറിയത്.2014-ൽ റയലിൽ എത്തിയ താരം റയലിനോടൊപ്പം ഹാട്രിക് ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതിന് ശേഷം സാന്റിയാഗോ ബെർണാബുവിന്റെ പടികളിറങ്ങിയത്. റയലിന്റെ ഒന്നാം ഗോൾകീപ്പറായി തിബൗട്ട് കോർട്ടുവ എത്തിയതോടെ നവാസിന് റയലിൽ അവസരങ്ങൾ കുറയുകയായിരുന്നു. ഇതോടെയാണ് താരം പിഎസ്ജിയിലേക്ക് ചേക്കേറിയത്. പിഎസ്ജിയിലും മികച്ച പ്രകടനമാണ് നവാസ് കാഴ്ച്ചവെച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ തവണ ചാമ്പ്യൻസ് ലീഗിൽ ഫൈനലിൽ എത്തിയ പിഎസ്ജി ഇത്തവണ സെമി ഫൈനലിന്റെ പടിവാതിൽക്കലാണ്.
🗣 "Zidane didn't want Navas to leave Real Madrid" 👀https://t.co/G50jH8eLuB pic.twitter.com/EkLKw0uUpO
— MARCA in English (@MARCAinENGLISH) April 12, 2021
എന്നാൽ കെയ്‌ലർ നവാസിനെ കൈവിടാൻ റയൽ പരിശീലകനായ സിദാന് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സിദാന്റെ സഹതാരമായ ഫ്രാങ്ക് ലെബൗഫ്. കഴിഞ്ഞ ദിവസം ടെലിഫൂട്ടിനോട് സംസാരിക്കുന്ന വേളയിലാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്.” നവാസിനെ കയ്യൊഴിയാൻ സിദാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.അതിനുള്ള കാരണം വളരെ ലളിതമാണ്.ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പറാണ് കെയ്‌ലർ നവാസ് ” ഇതാണ് ഫ്രാങ്ക് പറഞ്ഞത്. സിദാൻ ഏറ്റവും കൂടുതൽ വിശ്വാസമർപ്പിച്ച താരങ്ങളിൽ ഒരാളാണ് കെയ്‌ലർ നവാസ്. സിദാൻ റയലിന്റെ പരിശീലകനായി സ്ഥാനമേറ്റ ശേഷം അദ്ദേഹം മറ്റു ഗോൾകീപ്പർമാരെ ടീമിലെത്തിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും സിദാൻ നവാസിൽ വിശ്വാസമേൽപ്പിക്കുകയായിരുന്നു. ഇത് ഫലം കാണുകയും ചെയ്തു. ചാമ്പ്യൻസ് ലീഗിലൊക്കെ ഉജ്ജ്വലപ്രകടനമായിരുന്നു നവാസിന്റെ ഭാഗത്തു നിന്നുണ്ടായത്.