നമ്മുടേത് പോലെ ഒറ്റ ക്ലബ്ബിനെ പ്രണയിച്ച കഥകൾ ഇപ്പോൾ കുറവാണ് ലിയോ: മെസ്സിക്ക് അഭിനന്ദനം അറിയിച്ച് പെലെ കുറിച്ചത്

ഒരു ക്ലബ്ബിന് വേണ്ടി ഏറ്റവും അധികം ഗോളടിച്ചു എന്ന തൻ്റെ റെക്കോർഡിനൊപ്പമെത്തിയ ലയണൽ മെസ്സിക്ക് ഫുട്ബോൾ രാജാവ് പെലെയുടെ അഭിനന്ദന സന്ദേശം. ഇൻസ്റ്റഗ്രാമിലാണ് പെലെ തൻ്റെ അഭിനന്ദനക്കുറിപ്പ് പങ്ക് വെച്ചിരിക്കുന്നത്. ഹൃദയം സ്നേഹം കൊണ്ട് നിറയുമ്പോൾ നമുക്ക് വഴിമാറി സഞ്ചരിക്കാൻ കഴിയില്ല എന്ന് തുടങ്ങുന്ന കുറിപ്പിൽ നമ്മെപ്പോലെ ഒറ്റ ക്ലബ്ബിനെ പ്രണയിക്കുന്നവരുടെ എണ്ണം കുറഞ്ഞ് വരികയാണ് എന്നും പറയുന്നുണ്ട്.

പെലെയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൻ്റെ പൂർണ്ണരൂപം ഇങ്ങനെ:

നിങ്ങളുടെ ഹൃദയം സ്നേഹം കൊണ്ട് നിറയുമ്പോൾ വഴിമാറി സഞ്ചരിക്കുക എന്നത് പ്രയാസമാണ്. നിങ്ങളെപ്പോലെ എനിക്കുമറിയാം എല്ലാ ദിവസവും ഒരേ ജെഴ്സി അണിയുന്നതിലെ സ്നേഹം. നമ്മൾ സ്വന്തം വീടെന്ന് കരുതുന്ന ഇടത്തേക്കാൾ മികച്ച മറ്റൊരു സ്ഥലവുമില്ല! ലിയോ, നിങ്ങളുടെ ഈ ചരിത്രം കുറിച്ച നേട്ടത്തിന് അഭിനന്ദനങ്ങൾ. എല്ലാത്തിനുമുപരി നിങ്ങളുടെ ബാഴ്സലോണയിലെ ഈ സുന്ദരമായ കരിയറിന് അഭിനന്ദനങ്ങൾ. നമ്മളെപ്പോലെ, ഒറ്റ ക്ലബ്ബിനെ പ്രണയിച്ച കഥകൾ, ദൗർഭാഗ്യകരമെന്ന് പറയട്ടെ ഇപ്പോൾ ഫുട്ബോൾ ലോകത്ത് വളരെ കുറവാണ്.

പെലെയുടെ കുറിപ്പിന് ബാഴ്സയുടെ മറുപടി

പെലെയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ FC ബാഴ്സലോണ കുറിച്ച മറുപടി ഇങ്ങനെ: “ബാഴ്സലോണ ക്ലബ്ബിനോടും ഞങ്ങളുടെ നായകനോടും നിങ്ങൾ കാണിച്ച സ്നേഹാദരവും അംഗീകാരവും ഞങ്ങൾക്കൊരു ബഹുമതിയാണ്. സാൻ്റോസ് FCയോടുള്ള നിങ്ങളുടെ സ്നേഹം വളർന്ന് വരുന്നവർക്ക്, നിങ്ങളുടെ നേട്ടങ്ങളുടെ അൽപ്പമെങ്കിലും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മാതൃകയാണ്”.

Leave a Reply

Your email address will not be published. Required fields are marked *