നമ്മളെ അത്ഭുതപ്പെടുത്തുന്നതൊന്നും റോഡ്രി ചെയ്തിട്ടില്ല,വിനിയത് പലവട്ടം ചെയ്തു കഴിഞ്ഞു:ബെൻസീമ
കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി’ഓർ പുരസ്കാരം സ്വന്തമാക്കിയത് സ്പാനിഷ് താരമായ റോഡ്രിയാണ്. റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയറെയാണ് അദ്ദേഹം മറികടന്നിട്ടുള്ളത്. എന്നാൽ ഇക്കാര്യത്തിൽ വിവാദങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല.വിനീഷ്യസിന് ബാലൺഡി’ഓർ നൽകാത്തതിൽ വലിയ രൂപത്തിലുള്ള പ്രതിഷേധങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്. പലരും വിനീഷ്യസിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്തുവന്നിട്ടുണ്ട്.
മുൻ റയൽ മാഡ്രിഡ് താരവും ബാലൺഡി’ഓർ ജേതാവുമായ കരിം ബെൻസിമ ഇപ്പോൾ ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.വിനീഷ്യസ് ജൂനിയറാണ് ബാലൺഡി’ഓർ അർഹിച്ചിരുന്നത് എന്നാണ് ബെൻസിമ പറഞ്ഞിട്ടുള്ളത്.റോഡ്രി നമ്മളെ അത്ഭുതപ്പെടുത്തുന്നതൊന്നും ചെയ്തിട്ടില്ല എന്നും ബെൻസിമ ആരോപിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“വിനീഷ്യസാണ് ബാലൺഡി’ഓർ പുരസ്കാരം അർഹിച്ചിരുന്നത്.എനിക്ക് റോഡ്രിയോട് വിരോധം ഒന്നുമില്ല.പക്ഷേ നമ്മളെ അത്ഭുതപ്പെടുത്തുന്ന ഒന്നും തന്നെ അദ്ദേഹം ചെയ്തിട്ടില്ല. എന്നാൽ വിനി അങ്ങനെയല്ല. അത്ഭുതപ്പെടുത്തുന്ന കാര്യങ്ങൾ ഒരുപാട് ചെയ്തിട്ടുണ്ട്.ഞാൻ വിനീഷ്യസുമായി സംസാരിച്ചിരുന്നു. അവൻ വളരെയധികം ദുഃഖത്തിലാണ്. അത് നോർമലായ ഒരു കാര്യമാണ്. ലോകം മുഴുവനും നിങ്ങൾ ബാലൺഡി’ഓർ നേടുമെന്ന് പ്രതീക്ഷിച്ചിരിക്കെ മണിക്കൂറുകൾക്കു മുൻപേ അതിൽ മാറ്റം വരുന്നത് വളരെയധികം സങ്കീർണമായ ഒരു കാര്യമാണ്.വിനീഷ്യസ് മികച്ച ഒരു വ്യക്തിയാണ്.തീർച്ചയായും അവൻ ഇനിയും വർക്ക് ചെയ്യും. ഒരു ദിവസം ബാലൺഡി’ഓർ നേടുകയും ചെയ്യും ” ഇതാണ് ബെൻസിമ പറഞ്ഞിട്ടുള്ളത്.
വിനീഷ്യസ് ജൂനിയർ ഈ പുരസ്കാരം നേടും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.എന്നാൽ ആരാണ് വിജയി എന്നത് നേരത്തെ അറിയിക്കാൻ ഫ്രാൻസ് ഫുട്ബോൾ മാഗസിൻ തയ്യാറായിരുന്നില്ല.ഇതാണ് കാര്യങ്ങളെ കൂടുതൽ വഷളാക്കിയത്. അതുകൊണ്ടുതന്നെയാണ് റയൽ മാഡ്രിഡ് പുരസ്കാര ചടങ്ങ് ബഹിഷ്കരിക്കാൻ തീരുമാനിച്ചതും.