ധീരം ഈ നീക്കം,വിനീഷ്യസ് ക്രിസ്റ്റ്യാനോയുടെ ജേഴ്‌സി ചോദിച്ചു വാങ്ങിയത്!

2018ൽ ബ്രസീലിയൻ ക്ലബ്ബായ ഫ്ലമെങ്കോയിൽ നിന്നായിരുന്നു സൂപ്പർ താരം വിനീഷ്യസ് ജൂനിയർ റയൽ മാഡ്രിഡിൽ എത്തിയത്.എന്നാൽ തുടക്കത്തിൽ അദ്ദേഹത്തിന് തൊട്ടതെല്ലാം പിഴക്കുകയായിരുന്നു. അതിന്റെ ഫലമായി കൊണ്ട് നിരവധി വിമർശനങ്ങൾ ഏൽക്കേണ്ടി വന്നു. പക്ഷേ കഴിഞ്ഞ രണ്ട് സീസണുകളിൽ അദ്ദേഹത്തിന്റെ മികവ് പുറത്തേക്ക് വരികയായിരുന്നു. കഴിഞ്ഞ രണ്ട് സീസണുകളിൽ നിന്ന് 45 ഗോളുകളാണ് അദ്ദേഹം നേടിയത്.

കഴിഞ്ഞ സീസണിൽ മാത്രമായി 23 ഗോളുകളും 21 അസിസ്റ്റുകളും ഈ ബ്രസീലിയൻ സൂപ്പർ താരം സ്വന്തമാക്കി.റയൽ മാഡ്രിഡിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ വഹിച്ച താരം വിനീഷ്യസ് ജൂനിയറായിരുന്നു.അതിന് പിന്നാലെ റയലിന്റെ വിശ്വവിഖ്യാതമായ ഏഴാം നമ്പർ ജേഴ്സി വിനീഷ്യസിന് ലഭിക്കുകയും ചെയ്തു. ഇതിഹാസങ്ങളായ റൗൾ ഗോൺസാലസ്,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരൊക്കെ അണിഞ്ഞിട്ടുള്ള ജഴ്സിയാണ് റയലിന്റെ ഏഴാം നമ്പർ ജേഴ്സി.

ഈഡൻ ഹസാർഡ് ക്ലബ്ബ് വിട്ടതോടുകൂടിയാണ് ഈ ജഴ്സി ലഭ്യമായത്.ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് പ്രമുഖ മാധ്യമമായ ദി അത്ലറ്റിക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് ഈ ഏഴാം നമ്പർ ജേഴ്സി വിനീഷ്യസ് ചോദിച്ചു വാങ്ങുകയായിരുന്നു.റയൽ മാഡ്രിഡ് പ്രസിഡണ്ടായ ഫ്ലോറെന്റിനോ പെരസിനോടായിരുന്നു ഈ ജേഴ്സി തനിക്ക് നൽകണമെന്ന അഭ്യർത്ഥന വിനീഷ്യസ് ജൂനിയർ നടത്തിയിരുന്നത്.

ഒരു മടിയും കൂടാതെ പെരസ് അതിന് സമ്മതിക്കുകയും ചെയ്തു. ഇതിഹാസങ്ങളുടെ പിൻഗാമിയാവാൻ വിനീഷ്യസ് ആഗ്രഹിക്കുന്നുണ്ട്.ധീരമായ നീക്കം എന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചിട്ടുള്ളത്.ബെൻസിമ കൂടി ക്ലബ്ബ് വിട്ടതോടുകൂടി റയലിന്റെ എല്ലാ പ്രതീക്ഷകളും ഈ ബ്രസീലിയൻ സൂപ്പർതാരത്തിലാണ്.ഈ സീസണിൽ അദ്ദേഹം ക്ലബ്ബിനെ മുന്നോട്ടു കൊണ്ടുപോകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *