ദേഹത്തേക്ക് പന്തടിച്ചത് ചോദ്യം ചെയ്തതിന് യെല്ലോ,ലാലിഗയെ പരിഹസിച്ച് വിനീഷ്യസ്!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ഞെട്ടിക്കുന്ന തോൽവിയാണ് നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന് ഏൽക്കേണ്ടി വന്നത്. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ജിറോണ റയലിനെ പരാജയപ്പെടുത്തിയത്.ജിറോണയുടെ അർജന്റൈൻ താരമായ കാസ്റ്റല്ലനോസാണ് ഈ നാല് ഗോളുകളും നേടിയിട്ടുള്ളത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ലാലിഗയിൽ റയലിനെതിരെ നാലു ഗോളുകൾ നേടുന്ന ആദ്യത്തെ താരമാണ് ഇദ്ദേഹം.
ഈ മത്സരത്തിൽ റയലിന് വേണ്ടി മികച്ച പ്രകടനം നടത്താൻ ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസിന് സാധിച്ചിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റുമായിരുന്നു താരം നേടിയിരുന്നത്. എന്നാൽ ഈ മത്സരത്തിനിടയിൽ ഒരു വിവാദ സംഭവം അരങ്ങേറിയിട്ടുണ്ട്. അതായത് മത്സരത്തിന്റെ 36ആം മിനിറ്റിൽ വിനീഷ്യസ് ജൂനിയർ നിലത്ത് വീഴുകയായിരുന്നു. അദ്ദേഹത്തിന്റെ തൊട്ടപ്പുറത്തായിരുന്നു ജിറോണയുടെ പ്രതിരോധനിരതാരമായ സാന്റിയാഗോ ബുവേനോ ഉണ്ടായിരുന്നത്.
😅 Laliga 😅 https://t.co/yS5RFIAQtd
— Vini Jr. (@vinijr) April 25, 2023
നിലത്ത് വീണു കിടക്കുന്ന വിനീഷ്യസിന്റെ ദേഹത്തേക്ക് ഈ താരം മനപ്പൂർവ്വം പന്ത് അടിക്കുകയായിരുന്നു. ഇതിൽ കുപിതനായ വിനീഷ്യസ് ജൂനിയർ ഇതിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് റഫറിയോട് തർക്കിക്കുകയായിരുന്നു. എന്നാൽ തർക്കിച്ചതിന് വിനീഷ്യസ് ജൂനിയർക്കാണ് റഫറി യെല്ലോ കാർഡ് നൽകിയത്.ജിറോണ താരത്തെ വെറുതെ വിടുകയും ചെയ്തു. ട്വിറ്ററിൽ ഒരു മാധ്യമം ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. അത് ഷെയർ ചെയ്തു കൊണ്ട് ലാലിഗയെ വിനീഷ്യസ് ഇപ്പോൾ പരിഹസിച്ചിട്ടുണ്ട്.
ലാലിഗ എന്നെഴുതിക്കൊണ്ട് ചിരിക്കുന്ന രണ്ട് ഇമോജികളാണ് വിനീഷ്യസ് പങ്കുവെച്ചിട്ടുള്ളത്. ഏതായാലും ഒട്ടുമിക്ക മത്സരങ്ങളിലും വിവാദങ്ങൾ നേരിടുന്ന ഒരു താരമാണ് വിനീഷ്യസ്. മറ്റുള്ളവരുമായി അനാവശ്യമായി വിനീഷ്യസ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്നുള്ള ആരോപണം ഫുട്ബോൾ ലോകത്ത് വളരെ ശക്തവുമാണ്.