തോൽവിക്കിടയിലും നേട്ടം കുറിച്ച് മെസ്സി!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് എഫ്സി ബാഴ്സലോണ സെൽറ്റ വിഗോയോട് പരാജയമേറ്റ് വാങ്ങിയത്. സൂപ്പർ താരം ലയണൽ മെസ്സിയിലൂടെ ബാഴ്സ ലീഡ് നേടിയെങ്കിലും പിന്നീട് രണ്ട് ഗോളുകൾ വഴങ്ങി തോൽവി രുചിക്കുകയായിരുന്നു. തോൽവിയോടെ ബാഴ്സയുടെ കിരീടപ്പോരാട്ടം അവസാനിച്ചു.അവസാന അഞ്ചു മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ബാഴ്‌സക്ക് വിജയിക്കാൻ കഴിഞ്ഞത് എന്നുള്ളത് ബാഴ്‌സയുടെ പരിതാപകരമായ അവസ്ഥയെയാണ് ചൂണ്ടികാണിക്കുന്നത്.2007-08 സീസണിന് ശേഷം ഇതാദ്യമായിട്ടായിരിക്കും ബാഴ്സ ആദ്യരണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യാതെ പോവുന്നത്.മാത്രമല്ല 2004 ന് ശേഷം ഇതാദ്യമായാണ് തുടർച്ചയായി മൂന്ന് ഹോം മത്സരങ്ങളിൽ ബാഴ്സക്ക് വിജയിക്കാൻ സാധിക്കാതെ പോവുന്നത്.
അതേസമയം ഇന്നലെ ഗോൾ നേടിയതോടെ മറ്റൊരു നേട്ടം കുറിക്കാൻ മെസ്സിക്ക് സാധിച്ചു.മത്സരത്തിന്റെ 28-ആം മിനിറ്റിൽ ബുസ്ക്കെറ്റ്‌സിന്റെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെയാണ് മെസ്സി ഗോൾ നേടിയത്.ഇന്നലത്തെ ഗോളോട് കൂടി ലാലിഗയിൽ 30 ഗോളുകൾ പൂർത്തിയാക്കാൻ മെസ്സിക്ക് സാധിച്ചു.ഇത് ഒമ്പതാം തവണയാണ് മെസ്സി ഒരു സീസണിൽ 30 ലീഗ് ഗോളുകൾ നേടുന്നത്.എട്ട് തവണ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് പിറകിലുള്ളത്.2011/12 സീസണിലാണ് മെസ്സി ഏറ്റവും കൂടുതൽ ലീഗ് ഗോളുകൾ നേടിയിട്ടുള്ളത്.50 ഗോളുകളാണ് മെസ്സി ആ സീസണിൽ നേടിയത്.കൂടാതെ ഡ്രിബ്ലിങ്ങിന്റെ കണക്കുകളിലും മെസ്സി ഒരു നേട്ടം കുറിച്ചു. ഇന്നലത്തെ മത്സരത്തിൽ താരം 5 ഡ്രിബ്ലിങ്ങുകൾ പൂർത്തിയാക്കിയതോടെ ഈ സീസണിൽ 150 തവണയാണ് മെസ്സി ഡ്രിബ്ലിങ് വിജയകരമായി പൂർത്തിയാക്കിയത്. യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ 150 ഡ്രിബിൾസ് പൂർത്തിയാക്കുന്ന ആദ്യതാരമാണ് മെസ്സി.