താൻ ബാഴ്സയിൽ നിന്നും പുറത്താവാൻ കാരണം പീക്കെയും,അസ്വസ്ഥനായി മെസ്സി:വെളിപ്പെടുത്തലുമായി സ്പാനിഷ് മാധ്യമം!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു തികച്ചും അപ്രതീക്ഷിതമായി കൊണ്ട് സൂപ്പർ താരം ലയണൽ മെസ്സിക്ക് എഫ്സി ബാഴ്സലോണ വിടേണ്ടി വന്നത്. ഒരു സുപ്രഭാതത്തിൽ കരാർ പുതുക്കാനാവില്ലെന്ന് ബാഴ്സ മെസ്സിയെ അറിയിച്ചതോട് കൂടി മെസ്സി ബാഴ്സ വിടാൻ നിർബന്ധിതനാവുകയായിരുന്നു.തുടർന്ന് മെസ്സി ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയിൽ എത്തുകയും ചെയ്തു.

എന്ത്കൊണ്ടാണ് തനിക്ക് ബാഴ്സ വിടേണ്ടി വന്നത് എന്നുള്ളതിന്റെ കാരണം മെസ്സി ആരോടും വെളിപ്പെടുത്തിയിരുന്നില്ല. മെസ്സിയുടെ ഉറ്റസുഹൃത്തായ സെർജിയോ അഗ്വേറോക്ക് പോലും അത്‌ അജ്ഞാതമാണ്.അതേകുറിച്ച് അഗ്വേറോ പറഞ്ഞത് ഇങ്ങനെയാണ്.

” എന്തുകൊണ്ടാണ് ബാഴ്സ വിട്ടത് എന്നുള്ള ചോദ്യം ഒരുപാട് തവണ ഞാൻ മെസ്സിയോട് ചോദിച്ചിട്ടുണ്ട്.എന്നാൽ ഒന്നും തന്നെ മെസ്സി പറഞ്ഞിരുന്നില്ല. ഒരുപക്ഷേ അദ്ദേഹം എന്നെ സംരക്ഷിക്കുകയാവാം.എന്തെന്നാൽ ഞാൻ ബാഴ്സയിൽ തുടരുകയാണല്ലോ?” ഇതായിരുന്നു വിരമിക്കുന്നതിന് മുന്നേ അഗ്വേറോ പറഞ്ഞിരുന്ന കാര്യം.

ഏതായാലും മെസ്സി ബാഴ്സ വിട്ടതുമായി ബന്ധപ്പെട്ടു കൊണ്ട് കൂടുതൽ കാര്യങ്ങൾ ഇപ്പോൾ സ്പാനിഷ് മാധ്യമമായ എൽ പൈസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.അതായത് ബാഴ്സ ബോർഡും പ്രസിഡന്റായ ജോയൻ ലാപോർട്ടയും മെസ്സിയുടെ കരാർ പുതുക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് എത്തിയതിൽ വലിയ പങ്കുവഹിച്ചത് മെസ്സിയുടെ സഹതാരമായിരുന്ന ജെറാർഡ് പീക്കെ തന്നെയാണ്. ” മെസ്സി ഇല്ലെങ്കിൽ നമ്മുടെ ഫിനാൻഷ്യൽ ഫെയർ പ്ലേ പ്രശ്‌നം പരിഹരിക്കപ്പെടും ” എന്നായിരുന്നു പീക്കെ ലാപോർട്ടയോട് പറഞ്ഞത്.ഇത് തീരുമാനമെടുക്കുന്നതിൽ വലിയ സ്വാധീനം ചെലുത്തി എന്നാണ് സ്പാനിഷ് മാധ്യമത്തിന്റെ കണ്ടെത്തൽ. അത് മാത്രമല്ല,ഡ്രസിങ് റൂമിൽ തന്നെ താൻ തുടരുന്നതിനോട് താൽപര്യമില്ലാത്ത ആളുകൾ ഉണ്ടെന്നറിഞ്ഞതോടെ മെസ്സി അസ്വസ്ഥനായെന്നും ഇവർ കൂട്ടിച്ചേർക്കുന്നുണ്ട്.

ഏതായാലും പിഎസ്ജിയിൽ ഒരു യഥാർത്ഥ മെസ്സിയാവാൻ ഇതുവരെ താരത്തിന് സാധിച്ചിട്ടില്ല.അത്കൊണ്ട് തന്നെ ഇപ്പോഴും മെസ്സിക്ക് വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *