ഡെഡ്ലൈൻ ഡേയിൽ വിജയികളായത് ബാഴ്സ തന്നെ!

അങ്ങനെ ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ വിൻഡോക്ക് വിരാമമായിരിക്കുകയാണ്. സംഭവബഹുലമായ ഒരു ട്രാൻസ്ഫർ വിൻഡോ തന്നെയാണ് ഇത്തവണ അരങ്ങേറിയത്. നിരവധി ട്രാൻസ്ഫറുകളാണ് ഡെഡ്ലൈൻ ഡേയിൽ അരങ്ങേറിയിരുന്നത്.പക്ഷേ അവസാന ദിവസം വിജയിച്ചത് സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണയാണ് എന്നത് നിസ്സംശയം പറയാൻ സാധിക്കും.

ഇൽകെയ് ഗുണ്ടോഗൻ,റോമിയു,ഇനീഗോ മാർട്ടിനസ്,വിറ്റോർ റോക്ക് എന്നിവരെ നേരത്തെ തന്നെ എഫ്സി ബാഴ്സലോണ സ്വന്തമാക്കിയിരുന്നു.പിന്നീട് ബാഴ്സ ഏറ്റവും കൂടുതൽ ശ്രമിച്ചിരുന്നത് രണ്ട് പോർച്ചുഗീസ് സൂപ്പർ താരങ്ങൾക്ക് വേണ്ടിയായിരുന്നു. ആ രണ്ട് താരങ്ങളെയും അവസാന ദിവസം സ്വന്തമാക്കാൻ ബാഴ്സക്ക് കഴിഞ്ഞിട്ടുണ്ട്.ജോവോ ഫെലിക്സ്,ജോവോ കാൻസെലോ എന്നീ രണ്ട് താരങ്ങളെയാണ് ബാഴ്സ സ്വന്തമാക്കിയിട്ടുള്ളത്.

ബാഴ്സലോണക്ക് വേണ്ടി കളിക്കുന്നത് തന്റെ സ്വപ്നമാണെന്ന് ഈയിടെയായിരുന്നു ഫെലിക്സ് തുറന്നു പറഞ്ഞിരുന്നത്.ഡെമ്പലെയും ഫാറ്റിയും ക്ലബ്ബ് വിട്ടതോടെയാണ് താരത്തിന് ബാഴ്സയിലേക്ക് വരാനുള്ള വഴി ഒരുങ്ങിയത്. ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിലാണ് അദ്ദേഹം ബാഴ്സയിൽ എത്തുന്നത്.അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകനായ ഡിയഗോ സിമയോണിയുമായുള്ള താരത്തിന്റെ ബന്ധം പൂർണമായും തകർന്നിരുന്നു. അതുകൊണ്ടുതന്നെ ക്ലബ്ബ് വിടാനുള്ള ശ്രമങ്ങൾ നേരത്തെ തന്നെ അദ്ദേഹം ആരംഭിച്ചതാണ്.

അതേസമയം മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർതാരമായ കാൻസെലോ ലോൺ അടിസ്ഥാനത്തിൽ ഇതുവരെ ബയേണിന് വേണ്ടിയായിരുന്നു കളിച്ചിരുന്നത്. എന്നാൽ ടുഷെലിന് കീഴിൽ അവിടെ അവസരങ്ങൾ ലഭിച്ചിരുന്നില്ല. സിറ്റി പരിശീലകൻ പെപ് ഗാർഡിയോളയുമായുള്ള ബന്ധം തകർന്നതിനെ തുടർന്നായിരുന്നു കാൻസെലോ സിറ്റിയോട് വിട പറയാൻ തീരുമാനിച്ചത്. അദ്ദേഹവും ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിൽ തന്നെയാണ് ബാഴ്സയിൽ എത്തിയിട്ടുള്ളത്.

ഏതായാലും മികച്ച ഒരു ടീം തന്നെ ഇപ്പോൾ എഫ്സി ബാഴ്സലോണക്ക് അവകാശപ്പെടാൻ ഉണ്ട്.ഗുണ്ടോഗൻ,ഫെലിക്സ്,കാൻസെലോ തുടങ്ങിയ മികച്ച താരങ്ങളുടെ വരവ് തീർച്ചയായും ബാഴ്സയുടെ ശക്തി വർദ്ധിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *