ഡിബാല അത്ലറ്റിക്കോ മാഡ്രിഡിലെത്തുമോ? പ്രസിഡന്റ്‌ പറയുന്നു!

ഈ സീസണോട് കൂടി യുവന്റസിന്റെ അർജന്റൈൻ സൂപ്പർ താരമായ പൗലോ ഡിബാല ക്ലബ് വിടുമെന്നുള്ളത് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്.താരത്തിന്റെ കരാർ പുതുക്കാൻ യുവന്റസിന് സാധിച്ചിരുന്നില്ല.ഇതോട് കൂടെയാണ് ഡിബാല ഫ്രീ ഏജന്റായി കൊണ്ട് ക്ലബ്ബ് വിടാൻ തീരുമാനിച്ചത്. പക്ഷേ താരം എങ്ങോട്ട് പോകുമെന്നുള്ളത് ഒരു ചോദ്യചിഹ്നമാണ്.

അതേസമയം അത്ലറ്റിക്കോ മാഡ്രിഡിന്റെ അർജന്റൈൻ പരിശീലകനായ ഡിയഗോ സിമയോണി ഡിബാലയെ ടീമിൽ എത്തിക്കുമെന്നുള്ള റൂമറുകൾ കഴിഞ്ഞ ദിവസം സജീവമായിരുന്നു.റോഡ്രിഗോ ഡി പോൾ,എയ്ഞ്ചൽ കൊറെയ തുടങ്ങിയ അർജന്റൈൻ താരങ്ങൾ ഇദ്ദേഹത്തിന് കീഴിൽ ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നുണ്ട്.ഏതായാലും ഈ അഭ്യൂഹങ്ങളോട് അത്ലറ്റിക്കോയുടെ പ്രസിഡന്റായ എൻറിക്വ സെറേസോ തന്റെ പ്രതികരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.ഡിബാലയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ ഇനിയും ഒരുപാട് സമയമുണ്ടെന്നാണ് സെറേസോ പറഞ്ഞത്.അദ്ദേഹത്തിന്റെ വാക്കുകൾ TYC സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഡിബാല ഒരു മികച്ച താരമാണ്. പക്ഷേ നിലവിൽ അദ്ദേഹം യുവന്റസിലാണ്. ഞങ്ങൾക്ക് ചിലപ്പോൾ അദ്ദേഹത്തിൽ താല്പര്യം ഉണ്ടായേക്കാം,അല്ലെങ്കിൽ ഇല്ലാതിരുന്നേക്കാം.അതെല്ലാം കാത്തിരുന്നു കാണാം.ഓഗസ്റ്റ് മാസത്തിലെ പ്രശ്നത്തിനും നിലവിലെ സമയത്തിനുമിടയിൽ ഒരുപാട് ദൂരമുണ്ടല്ലോ ” ഇതാണ് അത്ലറ്റിക്കോയുടെ പ്രസിഡന്റ് പറഞ്ഞത്.

നേരത്തെ പ്രീമിയർ ലീഗ് വമ്പൻമാരായ ടോട്ടൻഹാമും മാഞ്ചസ്റ്റർ യുണൈറ്റഡുമൊക്കെ ഡിബാലയിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു.എന്നാൽ നിലവിൽ ആ ക്ലബ്ബുകൾ രംഗത്ത് വന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *