ഡാനി ആൽവസിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബാഴ്സ കോച്ച് സാവി!
കഴിഞ്ഞ ദിവസമായിരുന്നു ബ്രസീലിയൻ സൂപ്പർതാരമായ ഡാനി ആൽവസ് ബാഴ്സലോണയിൽ അറസ്റ്റിലായത്. ബാഴ്സലോണ നഗരത്തിലെ നൈറ്റ് ക്ലബ്ബിൽ വച്ച് ഒരു സ്ത്രീക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിലാണ് ഡാനിയെ അറസ്റ്റ് ചെയ്തത്. താരം കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയതോടുകൂടി ജഡ്ജി അദ്ദേഹത്തെ ജാമ്യം നൽകാതെ ജയിലിലേക്ക് അയക്കുകയും ചെയ്തു.
ഏതായാലും ഈ വിഷയത്തിൽ എഫ്സി ബാഴ്സലോണയുടെ പരിശീലകനും ഡാനി ആൽവസിന്റെ മുൻ സഹതാരവുമായിരുന്ന സാവി പ്രതികരിച്ചിട്ടുണ്ട്. ഈ വിഷയം അറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയി എന്നാണ് സാവി പറഞ്ഞിട്ടുള്ളത്. പക്ഷേ എന്തൊക്കെ സംഭവിച്ചാലും നീതിയാണ് ഇവിടെ നടപ്പിലാവുകയെന്നും സാവി കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
#LoMásComentado Xavi: "Estoy en estado de shock con lo que está pasando con Dani Alves" https://t.co/7LljB82zrB
— MARCA (@marca) January 22, 2023
” ഇത്തരമൊരു സാഹചര്യത്തിൽ ഈ വിഷയത്തിൽ പ്രതികരിക്കുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.ഞാൻ ഇത് കേട്ടപ്പോൾ ആശ്ചര്യപ്പെട്ടു പോവുകയും ഞെട്ടി പോവുകയും ചെയ്തു.ഞാൻ ഇപ്പോഴും ആ ഞെട്ടലിലാണ് ഉള്ളത്. എന്തൊക്കെ സംഭവിച്ചാലും നീതി ആണല്ലോ ഇവിടെ നടപ്പിലാവുക. നമുക്ക് അതിലേക്ക് കൈകടത്താൻ ആവില്ല. അദ്ദേഹത്തിന്റെ കാര്യത്തിൽ എനിക്ക് വളരെയധികം ദുഃഖമുണ്ട്. അതിനേക്കാൾ ഉപരി ഞാൻ ഞെട്ടിയിരിക്കുകയാണ് ” ഇതാണ് സാവി പറഞ്ഞിട്ടുള്ളത്.
ഡാനി എത്രകാലം ജയിലിൽ തുടരേണ്ടി വരും എന്നുള്ളത് അവ്യക്തമായ കാര്യമാണ്. അതേസമയം മെക്സിക്കൻ ക്ലബ്ബായ പ്യൂമാസിന് വേണ്ടിയായിരുന്നു ഇതുവരെ ഡാനി ആൽവസ് കളിച്ചിരുന്നത്. അദ്ദേഹത്തിന്റെ കോൺട്രാക്ട് ഇപ്പോൾ ഇതോടുകൂടി ക്ലബ്ബ് റദ്ദാക്കിയിട്ടുണ്ട്.