ട്രാൻസ്ഫർ റൂമർ : ഡി യോങ് ബാഴ്‌സ വിടുന്നു!
ഈ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ഡച്ച് താരമായ ലൂക്ക് ഡി യോങ് എഫ്സി ബാഴ്സലോണയിൽ എത്തിയിരുന്നത്. സെവിയ്യയിൽ നിന്നും ലോണടിസ്ഥാനത്തിലായിരുന്നു ഡി യോങ്ങിനെ ബാഴ്‌സ സ്വന്തമാക്കിയിരുന്നത്. അന്നത്തെ ബാഴ്‌സ പരിശീലകൻ കൂമാന്റെ നിർദേശപ്രകാരമായിരുന്നു താരം ബാഴ്‌സയിൽ എത്തിയിരുന്നത്.
എന്നാൽ താരത്തിന് ബാഴ്‌സയിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല.കേവലം 12 മത്സരങ്ങൾ മാത്രം കളിച്ച താരം ഒരേയൊരു ഗോൾ മാത്രമാണ് നേടിയിട്ടുള്ളത്. മാത്രമല്ല സാവിയുടെ വരവ് അവസരങ്ങൾ നന്നേ കുറച്ചു.എട്ട് മിനുട്ട് മാത്രമാണ് സാവിക്ക് കീഴിൽ ലൂക്ക് ഡി യോങ് കളിച്ചത്. മാത്രമല്ല സാവിയുടെ പ്ലാനിൽ താരത്തിന് ഇടവുമില്ല.
— Murshid Ramankulam (@Mohamme71783726) December 25, 2021
അത്കൊണ്ട് തന്നെ ഡി യോങ് ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്‌സ വിടുകയാണ്. താരത്തിന്റെ ലോൺ കരാർ എഫ്സി ബാഴ്സലോണ റദ്ദാക്കും. ലാലിഗ ക്ലബായ കാഡിസിലേക്കാണ് ലൂക്ക് ഡിയോങ് ചേക്കേറുക. ഇതുമായി ബന്ധപ്പെട്ടു കൊണ്ട് കാഡിസും സെവിയ്യയും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്. പ്രമുഖ സ്പാനിഷ് മാധ്യമങ്ങളായ മുണ്ടോ ഡിപോർട്ടിവോയും മാർക്കയുമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഏതായാലും ഇതുവഴി വെയ്ജ് ബിൽ കുറയുന്നത് ബാഴ്‌സക്ക് ആശ്വാസകരമാണ്. ഫെറാൻ ടോറസ്, എഡിൻസൺ കവാനി എന്നിവരെ ടീമിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് ബാഴ്‌സയുള്ളത്.