ടാഗ്ലിയാഫിക്കോ ബാഴ്സലോണയിലേക്ക്?

അയാക്സിന്റെ അർജന്റൈൻ പ്രതിരോധനിര താരം നിക്കോളാസ് ടാഗ്ലിയാഫിക്കോ അയാക്സ് വിടുന്നു. ഈ ട്രാൻസ്ഫർ വിൻഡോയിൽ അയാക്സ് വിട്ട് മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുമെന്ന് താരം തന്നെ അറിയിച്ചു. സ്പാനിഷ് വമ്പൻമാരായ ബാഴ്സയിലേക്കാണ് താരം കൂടുമാറാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളത്. ബാഴ്സയിലേക്ക് പോവാനുള്ള താല്പര്യം താരം പ്രകടിപ്പിക്കുകയും ചെയ്തു. 2018-ൽ അയാക്സിലെത്തിയ താരം തകർപ്പൻ പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിലാണ് ക്ലബ്‌ വിടുന്നതിനെ കുറിച്ച് താരം സൂചനകൾ നൽകിയത്. ഏകദേശം മുപ്പത്തിയഞ്ച് മില്യൺ യുറോയാണ് താരത്തിന് വേണ്ടി അയാക്സ് പ്രതീക്ഷിക്കുന്നത്.

” ഏറ്റവും മികച്ച ഒരു ക്ലബിന് വേണ്ടി, ഏറ്റവും മികച്ച കോംപിറ്റീഷനുകളിൽ പങ്കെടുക്കുക എന്നത് എന്റെ ആത്യന്തികമായ ലക്ഷ്യമാണ്. അയാക്സ് മഹത്തായ ക്ലബാണ്. പക്ഷെ ഡച്ച് ലീഗ് ഒരിക്കലും മികച്ച ലീഗ് അല്ല. തീർച്ചയായും ഓരോരുത്തർക്കും സ്വപ്നങ്ങളുണ്ടാവും. ഓഗസ്റ്റ് മാസമെത്താൻ ഇനിയും രണ്ട് മാസങ്ങൾ അവശേഷിക്കുന്നുണ്ട്. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഞാൻ. ഞാനെപ്പോഴും എന്റെ അവസ്ഥകളെ കുറിച്ചാണ് ചിന്തിക്കുന്നത്. സാധ്യമാവുമെങ്കിൽ തുടരും, അല്ലെങ്കിൽ മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറും. ഒരുപക്ഷെ ഞാൻ ബാഴ്സയുടെ ലിസ്റ്റിൽ ഉണ്ടായേക്കാം. പക്ഷെ അതിലൊന്നും ഞാനിപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. ഞാനെപ്പോഴും ശാന്തനാവാനാണ് ശ്രമിക്കുന്നത്. എനിക്കറിയാം ഞാനിപ്പോൾ ക്ഷമ കാണിക്കേണ്ട സമയമാണിത് ” ടാഗ്ലിയാഫിക്കോ കോണ്ടിനെന്റലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *