ഞാൻ വിജയിച്ചാൽ മെസ്സി ബാഴ്‌സയിൽ തുടരും, വാഗ്ദാനവുമായി മറ്റൊരു സ്ഥാനാർത്ഥി കൂടി രംഗത്ത് !

ജനുവരി ഇരുപത്തിനാലാം തിയ്യതിയാണ് എഫ്സി ബാഴ്സലോണയുടെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ് നടക്കുന്നത്. മുൻ പ്രസിഡന്റ്‌ ആയിരുന്ന ബർതോമ്യു രാജിവെച്ചതോടെയാണ് ഇലക്ഷന് വഴിയൊരുങ്ങിയത്. പുതിയ ബോർഡ് വരുന്നതോടെ ബാഴ്‌സയുടെ ദുരവസ്ഥക്ക്‌ പരിഹാരമാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം പ്രധാനപ്പെട്ട ഒരു സ്ഥാനാർത്ഥിയായ വിക്ടർ ഫോണ്ട് ആരാധകർക്ക്‌ ഒരു വാഗ്ദാനം നൽകിയിരുന്നു.തന്നെ വിജയിപ്പിച്ചാൽ മെസ്സി ബാഴ്‌സയിൽ ഉറപ്പായും തുടരുമെന്നായിരുന്നു ആ വാഗ്ദാനം. ഇതേ വാഗ്ദാനവുമായി മറ്റൊരു സ്ഥാനാർത്ഥി കൂടി രംഗപ്രവേശനം ചെയ്തിരിക്കുകയാണിപ്പോൾ. ജോർദി ഫറേയാണ് മെസ്സി ബാഴ്‌സ വിടില്ലെന്നും കരാർ പുതുക്കുമെന്നും ഉറപ്പ് നൽകിയിരിക്കുന്നത്.മെസ്സിയെ ചുറ്റിപ്പറ്റിയാണ് പല സ്ഥാനാർത്ഥികളും വാഗ്ദാനങ്ങൾ നൽകികൊണ്ടിരിക്കുന്നത്.

” മെസ്സിക്ക് ബാഴ്സയിൽ തന്നെ തുടരണമെന്നാണ് ആഗ്രഹം. അതാണ് എനിക്കറിയുന്ന കാര്യം. അദ്ദേഹത്തിന്റെ കുടുംബത്തിനും ബാഴ്‌സയിൽ തുടരണമെന്നാണ്. ഞങ്ങൾ അത്‌ സാധ്യമാക്കാൻ പോവുകയാണ്. എനിക്കിപ്പോൾ പറയാനുള്ളത് ഇങ്ങനെയാണ്, ഞങ്ങൾ ഇലക്ഷനിൽ വിജയിച്ചാൽ മെസ്സി അദ്ദേഹത്തിന്റെ കരാർ പുതുക്കും. ഞാൻ ഇലക്ഷനിൽ വിജയിക്കുകയാണെങ്കിൽ ജനുവരി ഇരുപത്തിയഞ്ചാം തിയ്യതി തന്നെ മെസ്സിയുടെ കരാർ ഓട്ടോമാറ്റിക്ക് ആയി പുതുക്കപ്പെടും ” ഒണ്ട സെറോക്ക്‌ നൽകിയ അഭിമുഖത്തിൽ ജോർദി ഫെറ പറഞ്ഞു. ജോൺ ലപോർട്ട, വിക്ടർ ഫോണ്ട് എന്നീ സ്ഥാനാർത്ഥികൾക്കാണ് വിജയസാധ്യതകൾ കൽപ്പിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *