ഞാൻ മെസ്സിക്കൊപ്പമല്ല, മെസ്സി എനിക്കൊപ്പമാണ് കളിച്ചത് : തുറന്ന് പറഞ്ഞ് ഏറ്റു!

എഫ്സി ബാഴ്സലോണയുടെ മുൻ സൂപ്പർ താരമായ സാമുവൽ ഏറ്റു ലയണൽ മെസ്സിക്കൊപ്പം കളിച്ച താരമാണ്.ബാഴ്സക്ക്‌ വേണ്ടി 199 മത്സരങ്ങൾ കളിച്ച താരം 130 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്.കഴിഞ്ഞ ദിവസം ഏറ്റു ഒരു മാധ്യമത്തിന് ഇന്റർവ്യൂ നൽകിയിരുന്നു. എന്നാൽ ഈ അഭിമുഖത്തിലെ ഒരു ചോദ്യത്തിന് രൂക്ഷമായ രീതിയിൽ പ്രതികരിച്ചിരിക്കുകയാണ് താരം. അതായത് ലയണൽ മെസ്സിക്കൊപ്പം കളിച്ചപ്പോഴുണ്ടായ അനുഭവങ്ങൾ പങ്കുവെക്കാമോ എന്നായിരുന്നു ചോദ്യം. ഇതിനാണ് തുറന്നടിച്ച് കൊണ്ട് താരം മറുപടി പറഞ്ഞത്.താൻ മെസ്സിക്കൊപ്പമല്ല, മറിച്ച് മെസ്സി തനിക്കൊപ്പമാണ് കളിച്ചത് എന്നാണ് ഏറ്റു അറിയിച്ചത്. ഏറ്റുവിന്റെ വാക്കുകൾ മിറർ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ഞാൻ മെസ്സിക്കൊപ്പമല്ല കളിച്ചത്, മറിച്ച് മെസ്സി എനിക്കൊപ്പമാണ് കളിച്ചത്.അത് രണ്ടും തമ്മിൽ വലിയ വിത്യാസമുണ്ട്. ഞാനൊരിക്കലും മെസ്സിക്കൊപ്പം കളിച്ചിട്ടില്ല.അദ്ദേഹം എനിക്കൊപ്പം മാത്രമേ കളിച്ചിട്ടൊള്ളൂ. ഇന്ന് അൻസു ഫാറ്റി മെസ്സിയിൽ നിന്ന് എന്തൊക്കെ പഠിക്കും? അത്പോലെയായിരുന്നു ഞാനും മെസ്സിയും തമ്മിലുള്ള അന്തരം ” ഇതാണ് ഏറ്റു ഇതേകുറിച്ച് പറഞ്ഞത്.

അതേസമയം ലയണൽ മെസ്സി ബാഴ്‌സയിൽ തന്നെ തുടരാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ഏറ്റു മുമ്പ് വെളിപ്പെടുത്തിയിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. ” മെസ്സിയെ മറ്റൊരു ജേഴ്സിയിൽ കാണുന്നത് എനിക്ക് സങ്കൽപ്പിക്കാൻ പോലുമാവുന്നില്ല.ഇത്‌ അദ്ദേഹത്തിന്റെ ക്ലബും വീടുമാണ്.പണത്തിന്റെ കാരണത്താലാണ് അദ്ദേഹം കരാർ പുതുക്കാത്തതെന്ന് എനിക്ക് തോന്നുന്നില്ല.മെസ്സിയെന്നാൽ ബാഴ്സയും ബാഴ്സയെന്നാൽ മെസ്സിയുമാണ്.പ്രസിഡന്റ്‌ ജോയൻ ലാപോർട്ട മെസ്സിക്ക് അനുയോജ്യമായ ഒരു പ്രൊജക്റ്റ്‌ തയ്യാറാക്കുന്നുണ്ടെന്ന് എനിക്കറിയാം ” ഏറ്റു പറഞ്ഞു.

ഏതായാലും ഏറ്റുവിന്റെ മെസ്സിയെ കുറിച്ചുള്ള പുതിയ പരാമർശം ഫുട്ബോൾ ലോകത്ത് ചർച്ചയായിരിക്കുകയാണിപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *