ഞാൻ തിരിച്ചെത്തി : പ്രഖ്യാപനവുമായി ജെറാർഡ് പീക്കെ!

സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് വേണ്ടിയും സ്പെയിനിന്റെ ദേശീയ ടീമിന് വേണ്ടിയും ഒരുപാട് കാലം കളിച്ചിട്ടുള്ള സൂപ്പർതാരമാണ് ജെറാർഡ് പീക്കെ. കരിയറിൽ നിരവധി കിരീടങ്ങൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ 2022ൽ അദ്ദേഹം പ്രൊഫഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു.ബാഴ്സലോണയിൽ വെച്ചുകൊണ്ടുതന്നെയാണ് തന്റെ കരിയറിന് അദ്ദേഹം വിരാമം കുറിച്ചത്.

എന്നാൽ ഇപ്പോൾ അദ്ദേഹം വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്തുകയാണ്.പക്ഷേ അത് താരമായി കൊണ്ടല്ല, മറിച്ച് പരിശീലകന്റെ റോളിലാണ്.പീക്കെ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ വഴിയെ അറിയിക്കാമെന്നും പീക്കെ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഇതൊരു പുതുവർഷമാണ്. മാത്രമല്ല ഫുട്ബോളിലേക്ക് തിരിച്ചെത്തുന്നതിനെക്കുറിച്ച് ഞാൻ ഒരുപാട് ചിന്തിക്കുകയും തീരുമാനമെടുക്കുകയും ചെയ്തിട്ടുണ്ട്.ഞാൻ ഫുട്ബോളിനെ വളരെയധികം മിസ്സ് ചെയ്യുന്നു.ഞാൻ ഫുട്ബോളിലേക്ക് തന്നെ തിരികെ എത്തുകയാണ്,പക്ഷേ ഇത്തവണ താരമായി കൊണ്ടല്ല,മറിച്ച് പരിശീലകനായി കൊണ്ടാണ്. ഈ ആഴ്ചയുടെ അവസാനത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞാൻ പങ്കുവെക്കാം ” ഇതാണ് തന്റെ സോഷ്യൽ മീഡിയയിൽ പീക്കെ എഴുതിയിട്ടുള്ളത്.

ബാഴ്സലോണക്ക് വേണ്ടി 53 ഗോളുകളും 13 അസിസ്റ്റുകളും സ്വന്തമാക്കാൻ ഈ ഡിഫെൻഡർക്ക് കഴിഞ്ഞിട്ടുണ്ട്. സ്പെയിനിന്റെ നാഷണൽ ടീമിന് വേണ്ടി 5 ഗോളുകളും രണ്ട് അസിസ്റ്റുകളും ആണ് പീക്കെയുടെ സമ്പാദ്യം.തന്റെ കരിയറിൽ ആകെ 37 കിരീടങ്ങൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഇനി പരിശീലകന്റെ റോളിൽ തിളങ്ങാൻ ഈ ബാഴ്സ ഇതിഹാസത്തിന് കഴിയുമോ എന്നതാണ് ആരാധകർ ഉറ്റു നോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *