ഞാൻ കാണാനാഗ്രഹിച്ച ബാഴ്സ ഇതാണ്, ഒന്നാം സ്ഥാനക്കാരെ തോൽപ്പിച്ച ശേഷം കൂമാൻ പറയുന്നു !

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബാഴ്സ ഒന്നാം സ്ഥാനക്കാരായ റയൽ സോസിഡാഡിനെ തോല്പിച്ചത്. ബാഴ്സക്ക്‌ വേണ്ടി ഫ്രങ്കി ഡിജോങ്ങും ജോർദി ആൽബയുമാണ് ഗോളുകൾ നേടിയത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് ബാഴ്‌സ ജയം പിടിച്ചു വാങ്ങിയത്. ജയത്തോടെ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറാനും ബാഴ്സക്ക്‌ സാധിച്ചിട്ടുണ്ട്. മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു ബാഴ്‌സയുടെ ഭാഗത്തു നിന്നുണ്ടായത്. മത്സരശേഷം ടീമിനെ പ്രശംസിച്ചിരിക്കുകയാണ് പരിശീലകൻ റൊണാൾഡ് കൂമാൻ താൻ കാണാനാഗ്രഹിച്ച ബാഴ്സയാണ് ഇതെന്ന് എന്നാണ് കൂമാൻ അഭിപ്രായപ്പെട്ടത്. മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കൂമാൻ. എല്ലാ താരങ്ങളും അധ്വാനിച്ചു കളിച്ചുവെന്നും മെസ്സിയുടെ പ്രകടനവും മികച്ചതായിരുന്നുവെന്നും കൂമാൻ കൂട്ടിച്ചേർത്തു.

” ആദ്യപകുതി വളരെയധികം നന്നായിരുന്നു. ഞങ്ങൾക്ക്‌ ഇനിയും ഗോളുകൾ നേടാമായിരുന്നു.ഞങ്ങൾ അവരിൽ ഒരുപാട് സമ്മർദ്ദം ചെലുത്തി. ബോൾ കയ്യിലുള്ളപ്പോൾ മികച്ച രീതിയിൽ കളിക്കാൻ അവർ ശ്രമിച്ചിരുന്നു. പക്ഷെ ഞങ്ങൾ അതിന് സമ്മതിച്ചില്ല. ഞാൻ നല്ല രീതിയിലുള്ള പ്രസിങ് ഗെയിം തന്നെയാണ് കളിച്ചത്. അവർക്കെതിരെ എങ്ങനെ കളിക്കണമെന്ന് ഞങ്ങൾക്ക്‌ അറിയാമായിരുന്നു. അതിനാൽ തന്നെ ഞങ്ങൾക്ക്‌ അർഹിച്ച വിജയം സ്വന്തമാക്കാൻ കഴിഞ്ഞു. ഞാൻ കാണാൻ ആഗ്രഹിച്ച ബാഴ്‌സ ഇതാണ്. എല്ലാ താരങ്ങളും അധ്വാനിച്ചു കളിച്ചു. ഇന്നത്തെ മത്സരത്തിലുള്ള ഏറ്റവും വലിയ വിത്യാസം എന്നുള്ളത് ബോളിന്റെ അഭാവത്തിൽ ഞങ്ങൾ കളിച്ച കളിയാണ്. മെസ്സി വളരെയധികം കഠിനാദ്ധ്യാനം ചെയ്തിട്ടുണ്ട്. അദ്ദേഹം ബഹുമാനമർഹിക്കുന്നു. എല്ലാവരും നല്ല രീതിയിൽ ചെയ്തു. ഈ മനോഭാവമാണ് വെച്ചുപുലർത്തേണ്ടത് ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *