ഞാനൊരുപാട് തവണ കരഞ്ഞു, നീറുന്ന ഹൃദയത്തോടെ സുവാരസ് പറയുന്നു !

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ലൂയിസ് സുവാരസ് എഫ്സി ബാഴ്സലോണ വിട്ട് അത്ലെറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറിയത്. ബാഴ്‌സയുടെ ആവിശ്യപ്രകാരമായിരുന്നു സുവാരസ് മറ്റൊരു ക്ലബ് തേടാൻ നിർബന്ധിതനായത്. തുടർന്ന് അത്ലെറ്റിക്കോ മാഡ്രിഡിൽ എത്തിയ താരം അരങ്ങേറ്റമത്സരത്തിൽ തന്നെ ഇരട്ടഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കുകയായിരുന്നു. ഇപ്പോഴിതാ ആ ബുദ്ദിമുട്ടേറിയ ദിവസങ്ങളെ കുറിച്ച് വിവരിച്ചിരിക്കുകയാണ് താരം. എല്ലാത്തിനെ കുറിച്ചോർത്തും താൻ ഒരുപാട് കരഞ്ഞുവെന്നാണ് നീറുന്ന ഹൃദയത്തോടെ സുവാരസ് ഇതിനെ കുറിച്ച് പറഞ്ഞത്. വളരെ സങ്കീർണമായ ദിവസങ്ങൾ ആയിരുന്നു അതെന്നും മെസ്സി തന്നെ പരസ്യമായി പിന്തുണച്ചതിൽ തനിക്ക് അത്ഭുതമൊന്നും തോന്നിയിട്ടില്ലെന്നും സുവാരസ് അറിയിച്ചു. ഇന്നലെ ചിലിക്കെതിരെയുള്ള മത്സരത്തിന് ശേഷം നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

” ഞാൻ എന്റെ ആറു വർഷമാണ് ബാഴ്‌സയിൽ ചിലവഴിച്ചത്. അവരുടെ പദ്ധതികളിൽ മാറ്റം വരുത്തണമെങ്കിൽ എന്നോട് സംസാരിക്കാൻ പല രീതിയിലുള്ള മാർഗങ്ങളുമുണ്ടായിരുന്നു. അവർ കാര്യങ്ങൾ ഒന്നും തന്നെ നല്ല രീതിയിൽ അല്ല കൈകാര്യം ചെയ്തത്. അത് എന്നെയും മെസ്സിയെയും നല്ല രീതിയിൽ തന്നെ നിരാശപ്പെടുത്തി. ഞങ്ങൾ ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട് എന്ന് അദ്ദേഹത്തിനറിയാം. ആ നിമിഷങ്ങൾ ഏറെ കാഠിന്യം നിറഞ്ഞ ഒന്നായിരുന്നു. അദ്ദേഹം എന്നെ പരസ്യമായി പിന്തുണച്ചതിൽ എനിക്ക് അത്ഭുതമൊന്നുമില്ല. കാരണം എനിക്ക് അദ്ദേഹത്തെയും അദ്ദേഹം അനുഭവിക്കുന്ന വേദനയെയും നന്നായിട്ട് അറിയാം. കാരണം അങ്ങനെയാണ് ഞങ്ങളെ കൈകാര്യം ചെയ്തത്. എന്നെ ചവിട്ടി പുറത്താക്കിയത് ശരിക്കും വേദനിപ്പിക്കുകയാണ് ചെയ്തത്. അത്ലെറ്റിക്കോ മാഡ്രിഡിൽ അരങ്ങേറുന്ന ദിവസങ്ങൾ വരെയുള്ള നാളുകൾ ഏറെ സങ്കീർണത നിറഞ്ഞതായിരുന്നു. ഞാൻ ഒരുപാട് കരഞ്ഞിരുന്നു. എല്ലാത്തിനെ കുറിച്ചോർത്തും ഞാൻ ഒരുപാട് കരഞ്ഞു “സുവാരസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *