ഞങ്ങൾ കിരീടത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണ്, അതും ഒരു നേട്ടമാണ് : പിക്വേ!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വലൻസിയക്കെതിരെ നിർണായക വിജയം നേടാൻ എഫ്സി ബാഴ്സലോണക്ക് കഴിഞ്ഞിരുന്നു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു വലൻസിയയെ ബാഴ്സ പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് ബാഴ്‌സ തിരിച്ചടിച്ചത്. മെസ്സിയുടെ ഇരട്ടഗോളുകളും അന്റോയിൻ ഗ്രീസ്‌മാന്റെ ഗോളുമാണ് ബാഴ്സയെ വിജയതീരമണിയിച്ചത്. ഇതോടെ കിരീടപ്പോരാട്ടത്തിൽ സജീവമാവാൻ ബാഴ്‌സക്ക് കഴിഞ്ഞിരുന്നു. റയൽ മാഡ്രിഡ്‌, അത്‌ലറ്റിക്കോ മാഡ്രിഡ്‌ എന്നിവരാണ് നേരിയ വിത്യാസത്തിൽ ബാഴ്‌സയുടെ മുമ്പിലുള്ളത്.ഏതായാലും കിരീടത്തിന് വേണ്ടി അവസാനം വരെ പോരാടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബാഴ്‌സയുടെ സൂപ്പർ താരം ജെറാർഡ് പിക്വേ. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറു മാസം മുമ്പുള്ള അവസ്ഥകൾ വെച്ച് താരതമ്യം ചെയ്യുകയാണെങ്കിൽ ഈ കിരീടപ്പോരാട്ടത്തിൽ ഏർപ്പെടുന്നത് തന്നെ നേട്ടമാണെന്നും പിക്വേ അറിയിച്ചു.

” ഗ്രനാഡക്കെതിരെ ഞങ്ങൾക്ക് അപ്രതീക്ഷിതമായി തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. അതിന് ശേഷമുള്ള ഈ മത്സരത്തിൽ വിജയിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. കിരീടത്തിന് വേണ്ടി അവസാനനിമിഷം വരെ ഞങ്ങൾ പോരാടും.ലളിതമായ മത്സരങ്ങൾ ഇനി ഉണ്ടായേക്കില്ല എന്ന ഉത്തമബോധ്യം ഞങ്ങൾക്കുണ്ട്.നിലവിൽ കിരീടപ്പോരാട്ടത്തിൽ ഞങ്ങൾ ഉണ്ട് എന്നുള്ളത് തന്നെ ഒരു നേട്ടമാണ്. സീസണിന്റെ തുടക്കം മുതലേ ഞങ്ങൾ ആഗ്രഹിച്ചത് ഇതാണ്.എന്നാൽ തുടക്കത്തിൽ ഞങ്ങൾക്ക് കരുതിയ പോലെ മുന്നേറാനായില്ല.ഏതായാലും വിയ്യാറയലിനെതിരെയും വലൻസിയക്കെതിരെയും നേടിയ ജയങ്ങൾ ഞങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതാണ്.ഇനി അത്ലറ്റിക്കോക്കെതിരെയുള്ള മത്സരത്തിലും ഞങ്ങൾക്ക് വിജയിക്കേണ്ടതുണ്ട്.അവർക്കെതിരെ വിജയിച്ച് കൊണ്ട് സെവിയ്യ-റയൽ മത്സരഫലത്തിനായി കാത്തിരിക്കും.കിരീടം നേടുക എന്നതിന് തന്നെയാണ് ഞങ്ങൾ മുൻഗണന നൽകുന്നത് ” പിക്വേ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *