ജനുവരിയിൽ തന്നെ സ്വന്തമാക്കണം, എംബപ്പേക്കായി റയൽ ഓഫർ നൽകി : ബ്രാഞ്ചിനി!

സൂപ്പർ താരം കിലിയൻ എംബപ്പേയുടെ പിഎസ്ജിയുമായുള്ള കരാർ ഈ സീസണോട് കൂടി അവസാനിക്കും. കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട യാതൊരു വിധ തീരുമാനങ്ങളും എംബപ്പേ കൈകൊണ്ടിട്ടില്ല. കരാർ പുതുക്കാനുള്ള ശ്രമങ്ങൾ പിഎസ്ജി നടത്തുമ്പോൾ താരത്തെ സ്വന്തമാക്കാനുള്ള ശ്രമങ്ങളിലാണ് റയൽ.

കഴിഞ്ഞ സമ്മറിൽ തന്നെ താരത്തിന് വേണ്ടി 180 മില്യൺ യൂറോ റയൽ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും പിഎസ്ജി നിരസിക്കുകയായിരുന്നു. പക്ഷേ ഈ ജനുവരിയിൽ വീണ്ടും റയൽ എംബപ്പേക്ക് വേണ്ടി ഒരു ഓഫർ നൽകിയതായി വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ ഇറ്റാലിയൻ ഫുട്ബോൾ ഏജന്റായ ജിയോവാന്നി ബ്രാഞ്ചിനി.50 മില്യൺ യൂറോയാണ് റയൽ ഓഫർ ചെയ്തിരിക്കുന്നത്.കഴിഞ്ഞ ദിവസം പ്രമുഖ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രാഞ്ചിനിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഇപ്പോൾ പിഎസ്ജിയെ ആശ്രയിച്ചാണ് കാര്യങ്ങൾ നിൽക്കുന്നത്.ദിവസങ്ങൾക്ക് മുമ്പ് റയൽ എംബപ്പേക്ക് വേണ്ടി 50 മില്യൺ യൂറോ ഓഫർ ചെയ്തിട്ടുണ്ട്.ഇത് ഏത് രൂപത്തിലേക്ക് നീങ്ങുമെന്ന് എനിക്കറിയില്ല. പക്ഷേ പെരസിന്റെ ഈ നീക്കത്തെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്.എംബപ്പേയെ പോലെയൊരു താരം സമ്മറിൽ ഫ്രീയായി കൊണ്ട് ക്ലബ് വിടുക എന്നുള്ളത് നാണക്കേട് ഉണ്ടാക്കുന്ന കാര്യമാണ്.അത്കൊണ്ട് തന്നെ പിഎസ്ജി ഇക്കാര്യത്തെ കുറിച്ച് എന്ത്‌ ചിന്തിക്കുന്നു എന്നുള്ളത് എനിക്കറിയില്ല ” ബ്രാഞ്ചിനി പറഞ്ഞു.

പക്ഷേ ഈ ജനുവരിയിൽ എംബപ്പേ പിഎസ്ജി വിടാൻ സാധ്യത കുറവാണ്. ചാമ്പ്യൻസ് ലീഗിൽ റയലിനെതിരെയുള്ള മത്സരത്തിന് ശേഷമായിരിക്കും എംബപ്പേ തീരുമാനങ്ങൾ കൈകൊള്ളുക.

Leave a Reply

Your email address will not be published. Required fields are marked *