ചെൽസിയെ നോക്കൂ, എന്ത്കൊണ്ട് അത്ലറ്റിക്കോക്കൊപ്പം UCL കിരീടം സ്വപ്നം കണ്ടുകൂടാ? സുവാരസ് ചോദിക്കുന്നു!

എഫ്സി ബാഴ്സലോണയിൽ നിന്നും അത്ലറ്റിക്കോ മാഡ്രിഡിലേക്കെത്തിയ ലൂയിസ് സുവാരസ് തന്റെ ആദ്യസീസൺ തന്നെ അതിഗംഭീരമാക്കിയിരുന്നു.അത്ലറ്റിക്കോക്കൊപ്പം ലാലിഗ കിരീടം ചൂടിയ സുവാരസ് ക്ലബ്ബിന്റെ ടോപ് സ്കോററുമായിരുന്നു. അവസാന രണ്ട് മത്സരങ്ങളിലും വിജയഗോൾ നേടിക്കൊണ്ട് ടീമിനെ കിരീടത്തിലേക്ക് നയിച്ചത് സുവാരസായിരുന്നു. ഇപ്പോഴിതാ അത്ലറ്റിക്കോ മാഡ്രിഡിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടുക എന്നുള്ളതാണ് തന്റെ സ്വപ്നമെന്ന് പ്രസ്താവിച്ചിരിക്കുകയാണ് സുവാരസ്. എന്ത് കൊണ്ട് അത്ലറ്റിക്കോക്കൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം സ്വപ്നം കണ്ടു കൂടാ എന്നാണ് സുവാരസ് ചോദ്യമുയർത്തുന്നത്. ഉദാഹരണമായി ഇത്തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ചെൽസിയെയും താരം ചൂണ്ടികാണിക്കുന്നുണ്ട്.കഴിഞ്ഞ ദിവസം ഇബയ് ലാനോസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

” മികച്ച ഒരു സീസണാണ് കഴിഞ്ഞത്. അടുത്ത സീസണിന് വേണ്ടി കാത്തിരിക്കുകയാണ്.നിലവിൽ ഞാൻ ദേശീയ ടീമിനെ കുറിച്ചാണ് ചിന്തിക്കുന്നത്.അതിന് ശേഷം അത്ലറ്റിക്കോയിലേക്ക് തിരിയും.എനിക്ക് ഒരു പ്രശ്നവുമില്ലെന്നും ഞാൻ ഇവിടെ തുടരുമെന്നും കുടുംബം സന്തോഷത്തിലാണ് എന്നുമുള്ള കാര്യം ക്ലബ്ബിനെ അറിയിച്ചിട്ടുണ്ട്.ഓരോ പുതിയ സീസൺ ആരംഭിക്കുമ്പോഴും വെല്ലുവിളികളും പ്രതീക്ഷകളൊക്കെയുണ്ടാവും.എപ്പോഴും വിജയിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ.എന്റെ ആഗ്രഹങ്ങളെ തടയാൻ കഴിയില്ല.എന്ത്കൊണ്ട് അത്ലറ്റിക്കോ മാഡ്രിഡിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം സ്വപ്നം കണ്ടു കൂടാ? അതൊരു മഹത്തായ അനുഭവമായിരിക്കും.ഇപ്പോൾ ചെൽസിയുടെ കാര്യമെടുത്ത് പരിശോധിച്ചു നോക്കൂ.പലരും ചെൽസിയെ കിട്ടണമെന്നാഗ്രഹിച്ച സമയമുണ്ടായിരുന്നു. കാരണം അവർ പല കാരണങ്ങൾ കൊണ്ടും ദുർബലരാണ് എന്നാണ് കരുതിയിരുന്നത്. പക്ഷേ അവർ ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊണ്ടാണ് സീസൺ അവസാനിപ്പിച്ചത് ” സുവാരസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *