ചാവി താരത്തോട് സംസാരിക്കുന്നു പോലുമില്ല….!
ഇങ്ങനെയാണെങ്കിൽ ബാഴ്സ വിടും: വിറ്റർ റോക്കിൻ്റെ ഏജൻ്റ്

ബ്രസീലിയൻ സൂപ്പർതാരമായ വിറ്റോർ റോക്കിനെ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ ബാഴ്സലോണ സ്വന്തമാക്കിയിരുന്നു. തുടർന്ന് കഴിഞ്ഞ ജനുവരിയിലാണ് അദ്ദേഹം ടീമിനോടൊപ്പം ചേർന്നിരുന്നത്. ചാവിയും ബാഴ്സയും നിർബന്ധിച്ചു കൊണ്ടാണ് ജനുവരിയിൽ അദ്ദേഹത്തെ ടീമിനോടൊപ്പം ചേർത്തിരുന്നത്. എന്നാൽ താരത്തിന് വേണ്ടത്ര അവസരങ്ങൾ നൽകാൻ ചാവി തയ്യാറായിരുന്നില്ല.കേവലം രണ്ട് ലാലിഗ മത്സരങ്ങളിൽ മാത്രമാണ് അദ്ദേഹം സ്റ്റാർട്ട് ചെയ്തിട്ടുള്ളത്.രണ്ട് ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്.

റോക്കിന് അവസരങ്ങൾ നൽകാത്തതിൽ വലിയ വിമർശനങ്ങൾ ഉയരുന്നുണ്ട്.റോക്ക് ലോൺ അടിസ്ഥാനത്തിൽ ക്ലബ്ബ് വിട്ടേക്കും എന്നുള്ള റൂമറുകൾ സജീവമാണ്. ഇതേക്കുറിച്ച് റോക്കിന്റെ ഏജന്റായ ക്യൂരി പ്രതികരിച്ചിട്ടുണ്ട്. ചാവി താരത്തോട് സംസാരിക്കുന്നു പോലുമില്ലെന്നും ഇങ്ങനെയാണെങ്കിൽ ബാഴ്സ വിടുമെന്നുമാണ് ഏജന്റ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“പിഎസ്ജിക്കെതിരെയുള്ള മത്സരത്തിൽ നാം കണ്ടതാണ്, ബാഴ്സക്ക് ഗോൾ നേടൽ നിർബന്ധമായിരുന്നു. ഒരു നമ്പർ നയൻ കൂടി ഉണ്ടായിരുന്നുവെങ്കിൽ അവർക്ക് സാധ്യതകൾ ഉണ്ടായിരുന്നു. പക്ഷേ റോക്കിനെ ഇറക്കാൻ ചാവി തയ്യാറായിരുന്നില്ല. പല മത്സരങ്ങളിലും പ്രസ് ചെയ്യാൻ ഫ്രഷ് ലെഗ്ഗുകളെ ബാഴ്സക്ക് ആവശ്യമുണ്ടായിരുന്നു. ചാവി ഇതൊന്നും മനസ്സിലാക്കുന്നില്ല.ഞങ്ങൾക്ക് ഇങ്ങനെ തുടരാനാവില്ല.റോക്ക് ബാഴ്സലോണയെ ഇഷ്ടപ്പെടുന്നത് കൊണ്ടാണ് ഞങ്ങൾ ബാഴ്സയെ തിരഞ്ഞെടുത്തത്. ബാഴ്സയിൽ ലഭിക്കുന്നതിനേക്കാൾ ഇരട്ടി സാലറി വാഗ്ദാനം ചെയ്തുകൊണ്ട് പല ക്ലബ്ബുകളും വന്നിരുന്നു.ഞങ്ങൾ അതൊക്കെ നിരസിക്കുകയായിരുന്നു. ഇത് ആഭ്യന്തരമായി പരിഹരിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ ഒരു പെർമനന്റ് ട്രാൻസ്ഫറിന് വേണ്ടി ഞങ്ങൾ ശ്രമിക്കും.ലോൺ അടിസ്ഥാനത്തിൽ അദ്ദേഹം ക്ലബ്ബ് വിടില്ല,അദ്ദേഹം ക്ലബ്ബ് വിടുകയാണെങ്കിൽ അത് സ്ഥിരമായി കൊണ്ടായിരിക്കും.ചാവി അദ്ദേഹത്തെ കളിപ്പിക്കുന്നില്ല എന്നുള്ളത് മാത്രമല്ല സംസാരിക്കുക പോലും ചെയ്യുന്നില്ല.ബാഴ്സയിലെ ഭാവിയെക്കുറിച്ച് അധികം വൈകാതെ തന്നെ ഞങ്ങൾ ചർച്ച ചെയ്യും ” ഇതാണ് റോക്കിന്റെ ഏജന്റ് പറഞ്ഞിട്ടുള്ളത്.

മറ്റുള്ള പല യുവതാരങ്ങളെയും ചാവി ഉപയോഗപ്പെടുത്തുമ്പോഴും ഈ ബ്രസീലിയൻ താരത്തോട് അദ്ദേഹം അനീതി കാണിക്കുന്നു എന്ന വിമർശനം ശക്തമാണ്. ബ്രസീലിയൻ ലീഗിൽ മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ടാണ് റോക്ക് വരുന്നത്. ചാവിയുടെ നിർബന്ധപ്രകാരമായിരുന്നു അദ്ദേഹം സീസണിന്റെ മധ്യത്തിൽ ബാഴ്സയോടൊപ്പം ജോയിൻ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *