ചാവിയുടെ തീരുമാനം ദുഃഖകരം, ബാഴ്സയുടെ പരിശീലകനാകുമോ? മോട്ട വ്യക്തമാക്കുന്നു!

എഫ്സി ബാഴ്സലോണ ഇന്നലെ സ്വന്തം മൈതാനത്ത് ഒരു വമ്പൻ തോൽവിയാണ് ഏറ്റുവാങ്ങിയത്. മൂന്നിനെതിരെ അഞ്ചു ഗോളുകൾക്ക് വിയ്യാറയൽ ബാഴ്സലോണയെ തോൽപ്പിക്കുകയായിരുന്നു. ഇതോടുകൂടി ബാഴ്സയുടെ പരിശീലകനായ ചാവി തന്റെ തീരുമാനം ഫുട്ബോൾ ലോകത്തെ അറിയിക്കുകയായിരുന്നു. അതായത് ഈ സീസൺ അവസാനിക്കുന്നതോടുകൂടി ബാഴ്സയുടെ പരിശീലക സ്ഥാനത്തു നിന്നും താൻ പടിയിറങ്ങും എന്നാണ് ചാവി തന്നെ സ്ഥിരീകരിച്ചിട്ടുള്ളത്. മോശം പ്രകടനത്തിന്റെ ഫലമായി കൊണ്ടാണ് അദ്ദേഹം ഇപ്പോൾ ക്ലബ്ബ് വിടുന്നത്.

മുൻപ് ദീർഘകാലം എഫ്സി ബാഴ്സലോണക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് തിയാഗോ മോട്ട. നിലവിൽ ഇറ്റാലിയൻ ക്ലബ്ബായ ബോലോഗ്നയെ അദ്ദേഹം പരിശീലിപ്പിക്കുന്നു. ചാവിയുടെ തീരുമാനത്തിൽ തന്റെ പ്രതികരണം മോട്ട അറിയിച്ചിട്ടുണ്ട്. ഏറെ ദുഃഖകരം എന്നാണ് മോട്ട പറഞ്ഞിട്ടുള്ളത്. ബാഴ്സയുടെ പരിശീലകനാകുമോ എന്ന ചോദ്യത്തിന് ഭാവിയെക്കുറിച്ച് ഒന്നുംതന്നെ തീരുമാനിച്ചിട്ടില്ലെന്ന് ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.മോട്ടയുടെ വാക്കുകൾ ഇങ്ങനെയാണ്.

” വളരെ മികച്ച രൂപത്തിൽ ചാവി കാര്യങ്ങളെ കൈകാര്യം ചെയ്തിരുന്നു.കഴിഞ്ഞ സീസണിൽ കിരീടം നേടുകയും ചെയ്തിട്ടുണ്ട്.ഇത് വളരെ ദുഃഖകരമായ കാര്യമാണ്.ക്ലോപ് ലിവർപൂൾ വിടുന്നു എന്ന പ്രഖ്യാപനവും ഞാൻ കണ്ടു. കോച്ചിംഗ് എന്നുള്ളത് വളരെ ബുദ്ധിമുട്ടേറിയ ഒരു ജോലിയാണ്.പക്ഷേ ആ ജോലിയാണ് ഞങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്.എന്റെ ഭാവിയെക്കുറിച്ച് എന്തെങ്കിലും ന്യൂസ് ഉണ്ടെങ്കിൽ ഞാൻ അത് നിങ്ങളോട് അറിയിക്കാം. നിലവിൽ ഒന്നുമില്ല “മോട്ട പറഞ്ഞിട്ടുണ്ട്.

ഏതായാലും ഈ സീസണിന് ശേഷം ബാഴ്സയുടെ പുതിയ പരിശീലകനായി കൊണ്ട് ആര് എത്തുമെന്ന കാര്യത്തിൽ ചർച്ചകൾ സജീവമാവുകയാണ്. നിരവധി റൂമറുകൾ ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ഉയർന്നുവരുന്നുണ്ട്.ക്ലോപിനെ കൊണ്ടുവരാൻ ലാപോർട്ടക്ക് താല്പര്യമുണ്ടെങ്കിലും അത് നിലവിൽ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. എന്തെന്നാൽ ഈ വർഷം മറ്റൊരു ടീമിനെ പരിശീലിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നില്ല എന്നത് ക്ലോപ് തന്നെ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *