ചരിത്രനേട്ടത്തിനൊപ്പം മെസ്സി, ഗോളടിയുടെ സമ്പൂർണകണക്കുകൾ ഇങ്ങനെ !

കഴിഞ്ഞ ദിവസം വലൻസിയക്കെതിരെയുള്ള മത്സരത്തിൽ ഗോൾ നേടിയതോടെ മെസ്സി ഇതിഹാസതാരം പെലെയുടെ റെക്കോർഡിനൊപ്പമെത്തിയത്. ഒരു ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡാണ് പെലെക്കൊപ്പം മെസ്സി ഇപ്പോൾ പങ്കിടുന്നത്. 643 ഗോളുകളാണ് മെസ്സി ബാഴ്‌സക്ക്‌ വേണ്ടിയും പെലെ സാന്റോസിന് വേണ്ടിയും നേടിയിട്ടുള്ളത്. 1957-74 കാലയളവിലാണ് പെലെ സാന്റോസിന് വേണ്ടി ഈ ഗോളുകൾ കണ്ടെത്തിയത്. 748 മത്സരങ്ങളിൽ നിന്നാണ് മെസ്സി 643 ഗോളുകൾ ബാഴ്‌സക്കായി നേടിയത്. ആറു കോമ്പിറ്റീഷനുകളിലായാണ് മെസ്സി ഈ ഗോളുകൾ ബാഴ്സക്ക്‌ വേണ്ടി നേടിയത്. ലാലിഗ (450), ചാമ്പ്യൻസ് ലീഗ് (118), കോപ്പ ഡെൽ റേ (53), സ്പാനിഷ് സൂപ്പർ കപ്പ് (14), യൂറോപ്യൻ സൂപ്പർ കപ്പ് (3), ക്ലബ് വേൾഡ് കപ്പ് (5) എന്നിങ്ങനെയാണിത്.

മെസ്സി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് സെവിയ്യക്കെതിരെയാണ്. 29 ഗോളുകളാണ് സെവിയ്യക്കെതിരെ മെസ്സി നേടിയിട്ടുള്ളത്. അത്‌ലെറ്റിക്കോ മാഡ്രിഡ്‌ (26), വലൻസിയ (25), എസ്പാനോൾ (22) എന്നിവരാണ് മെസ്സിയുടെ പ്രധാനപ്പെട്ട ഇരകൾ. അതേസമയം ചാമ്പ്യൻസ് ലീഗിൽ മെസ്സി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് ആഴ്സണലിനെതിരെയാണ്. 9 ഗോളുകളാണ് നേടിയിട്ടുള്ളത്. സെൽറ്റിക്, എസി മിലാൻ എന്നിവർക്കെതിരെ മെസ്സി 8 ഗോളുകൾ നേടിയിട്ടുണ്ട്. ബയേർ ലെവർകൂസനെതിരെ മെസ്സി 7 ഗോളുകളും ചാമ്പ്യൻസ് ലീഗിൽ നേടിയിട്ടുണ്ട്.

643 ഗോളുകളിൽ 531 ഗോളുകളും ഇടതുകാൽകൊണ്ടാണ് മെസ്സി നേടിയിട്ടുള്ളത്. 87 ഗോളുകൾ വലതു കാൽകൊണ്ടും നേടി. 23 ഗോളുകൾ ഹെഡറിലൂടെ നേടിയപ്പോൾ ഒരു ഗോൾ ചെസ്റ്റ് കൊണ്ട് നേടി. ശേഷിച്ച ഒരു ഗോൾ ഹാൻഡ് ഗോളാണ്. 47 ഗോളുകൾ മെസ്സി ഫ്രീ കിക്കിലൂടെ നേടിയപ്പോൾ 80 ഗോളുകൾ പെനാൽറ്റിയിലൂടെയാണ് നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *