ചതിയൻ,ഇനി ഒരിക്കലും ഇങ്ങോട്ട് വരരുത്: പോർച്ചുഗീസ് സൂപ്പർതാരത്തെ വിലക്കണമെന്നാവിശ്യപ്പെട്ട് ആരാധകർ.

ലാലിഗയിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ ബാഴ്സലോണക്ക് കഴിഞ്ഞിരുന്നു.അത്ലറ്റിക്കോ മാഡ്രിഡിനെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബാഴ്സലോണ പരാജയപ്പെടുത്തിയിരുന്നത്. പോർച്ചുഗീസ് സൂപ്പർ താരമായ ജോവോ ഫെലിക്സാണ് മത്സരത്തിൽ ബാഴ്സയുടെ വിജയഗോൾ നേടിയത്. അതിനുശേഷം അദ്ദേഹം നടത്തിയ സെലിബ്രേഷനൊക്കെ വലിയ രൂപത്തിൽ വൈറലായിരുന്നു.

ഫെലിക്സിന്റെ മുൻ ക്ലബ്ബ് കൂടിയാണ് അത്ലറ്റിക്കോ മാഡ്രിഡ്. നിലവിൽ ലോൺ അടിസ്ഥാനത്തിലാണ് അദ്ദേഹം ബാഴ്സലോണക്ക് വേണ്ടി കളിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ അത്ലറ്റിക്കോയുമായും അവരുടെ പരിശീലകനായ സിമയോണിയുമായും കടുത്ത എതിർപ്പുകൾ ഉള്ള താരമാണ് ഫെലിക്സ്. അതുകൊണ്ടുതന്നെയായിരുന്നു അദ്ദേഹം അത്ലറ്റിക്കോ വിട്ടിരുന്നത്. ഏതായാലും അദ്ദേഹം തങ്ങളുടെ ക്ലബ്ബിനെതിരെ ഗോളടിച്ച് സെലിബ്രേഷൻ നടത്തിയത് അത്ലറ്റിക്കോ ആരാധകർക്ക് ഒട്ടും പിടിച്ചിട്ടില്ല.

അദ്ദേഹത്തിനെതിരെ ഒരു പ്രസ്താവന തന്നെ ഇപ്പോൾ അത്ലറ്റിക്കോ മാഡ്രിഡ് ആരാധകർ നടത്തിയിട്ടുണ്ട്. അവരുടെ ആരാധക കൂട്ടായ്മയുടെ വക്താവായ ആൽബർട്ടോ ഗാർഷ്യയാണ് ഇക്കാര്യത്തിലുള്ള തങ്ങളുടെ നിലപാടുകൾ അറിയിച്ചിട്ടുള്ളത്. ചതിയൻ എന്നാണ് അവർ ഈ സൂപ്പർതാരത്തെ ആരോപിച്ചിട്ടുള്ളത്. ഇനി ഒരിക്കലും അദ്ദേഹത്തെ ക്ലബ്ബ് തിരികെ കൊണ്ടുവരേണ്ടതില്ലെന്നും അതിൽ നിന്ന് ക്ലബ്ബ് അദ്ദേഹത്തെ വിലക്കണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ക്ലബ്ബിനെയും ആരാധകരെയും ഒട്ടും ബഹുമാനിക്കാൻ അറിയാത്ത വ്യക്തിയാണ് ഫെലിക്സെന്നും ഇവർ ആരോപിച്ചിട്ടുണ്ട്.

ഏതായാലും ഫെലിക്സ് ഇനി അത്ലറ്റിക്കോക്ക് വേണ്ടി കളിക്കാൻ സാധ്യത കുറവാണ്. ബാഴ്സലോണ അദ്ദേഹത്തെ നിലനിർത്തുമോ എന്നതാണ് കണ്ടറിയേണ്ട കാര്യം. ലാലിഗയിൽ ബാഴ്സക്ക് വേണ്ടി 12 മത്സരങ്ങൾ കളിച്ച താരം രണ്ടു ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്. അദ്ദേഹത്തിന് ബാഴ്സലോണയിൽ തന്നെ തുടരാനാണ് ആഗ്രഹം. പക്ഷേ സാമ്പത്തിക പ്രതിസന്ധികൾ ബാഴ്സക്ക് തടസ്സമായേക്കാം.

Leave a Reply

Your email address will not be published. Required fields are marked *