ഗ്വാർഡിയോള ഇല്ലെങ്കിലും ബാഴ്സ ആ നേട്ടങ്ങൾ കരസ്ഥമാക്കുമെന്ന് മുൻ താരം
സമകാലികഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച പരിശീലകരിലൊരാളായാണ് പെപ് ഗ്വാർഡിയോള വിലയിരുത്തപ്പെടുന്നത്. ബാഴ്സയുടെ പരിശീലകവേഷമണിഞ്ഞ അദ്ദേഹം ഒരുപാട് നേട്ടങ്ങൾ ക്ലബിന് നേടിക്കൊടുക്കുന്നതിൽ സുപ്രധാനപങ്കു വഹിച്ചു. ബാഴ്സയുടെ ടിക്കി-ടാക്ക ശൈലി പുനർനിർമിച്ച് ബാഴ്സക്ക് ട്രെബിൾ നേടിക്കൊടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. 2012-ൽ ഗ്വാർഡിയോള ബാഴ്സ വിടുമ്പോൾ അദ്ദേഹത്തിന്റെ പേരിൽ പതിനാല് കിരീടങ്ങൾ ഉണ്ടായിരുന്നു. പിന്നീട് ബയേണിലും സിറ്റിയിലും തിളങ്ങാൻ അദ്ദേഹത്തിന് സാധിച്ചുവെങ്കിലും ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുക്കാൻ സാധിച്ചിരുന്നില്ല.
ഇപ്പോഴിതാ പെപ് ഗ്വാർഡിയോള ബാഴ്‌സ പരിശീലകൻ അല്ലായിരുന്നുവെങ്കിലും ആ ബാഴ്സക്ക് ആ കിരീടങ്ങൾ ലഭിക്കുമായിരുന്നു എന്ന പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ബാഴ്സ താരം ഹ്രിസ്റ്റോ സ്റ്റോയ്ക്കോവ്. കഴിഞ്ഞ ദിവസം മിററിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പെപ് ഗ്വാർഡിയോളക്ക് ബാഴ്സയിൽ കാര്യങ്ങൾ വളരെ ലളിതമായിരുന്നു എന്നും കാരണം ബാഴ്സ ആദ്യമേ പാകപെട്ട ടീമായിരുന്നു എന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. പെപ്പിന് മുൻപത്തെ പരിശീലകനായിരുന്ന റൈക്കാഡ് ആണ് എല്ലാ നേട്ടത്തിന്റെയും ക്രെഡിറ്റിന്റെ അവകാശിയെന്നും ഇദ്ദേഹം പറഞ്ഞു.
” ബാഴ്സലോണ ആദ്യമേ പാകപെട്ട ടീമായിരുന്നു. അത്കൊണ്ട് തന്നെ പെപ്പിന് ബാഴ്സയിൽ കാര്യങ്ങൾ കൂടുതൽ എളുപ്പമായി. ഫ്രാങ്ക് റൈകാർഡ് നിർമിച്ച സ്‌ക്വാഡിനെ പെപ് ഏറ്റെടുക്കുകയായിരുന്നു. ബാഴ്സയുടെ യൂത്ത് സിസ്റ്റം പെപ്പിന് അറിയുന്നത് കൂടുതൽ ഗുണകരമായി. മെസ്സിയെ പോലുള്ള താരങ്ങൾ റൈക്കാഡിന് കീഴിൽ അരങ്ങേറിയിരുന്നു. ഹെൻറി, ഡെക്കോ, ഡീഞ്ഞോ, വാൽഡെസ്, പുയോൾ എന്നീ താരങ്ങൾ ബാഴ്സയിൽ തയ്യാറായിരുന്നു. പിന്നീട് കുറച്ചു താരങ്ങളെ പെപ്പിന് ആവിശ്യമായി വന്നു. ഇനിയേസ്റ്റ പെഡ്രോയും വന്നതോടെ പെപ്പിന് കാര്യങ്ങൾ എളുപ്പമാവുകയായിരുന്നു. പെപ്പിന്റെ സ്ഥാനത്ത് മറ്റൊരാളാണെങ്കിൽ കൂടിയും ബാഴ്സ ആ കിരീടങ്ങൾ നേടുമായിരുന്നു ” അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.