ഗ്രീസ്‌മാനെ നൽകി നെയ്മറെ വാങ്ങാൻ ബാഴ്സയുടെ നീക്കം

വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ സൂപ്പർ താരം നെയ്മർ ജൂനിയറെ ബാഴ്സ തിരികെയെത്തിക്കുമെന്ന വാർത്തകൾ ശക്തമാവുന്നു. ഇപ്പോഴിതാ ഗ്രീസ്‌മാനെ കൈമാറി നെയ്മറെ ക്യാമ്പ്നൗവിൽ എത്തിക്കാൻ ബാഴ്സ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. പ്രമുഖമാധ്യമമായ സ്കൈ സ്പോർട്സ് ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. നിലവിൽ സാമ്പത്തികപ്രതിസന്ധി നേരിടുന്ന ബാഴ്സ കൈമാറ്റകച്ചവടത്തിനാണ് ഇപ്പോൾ മുൻ‌തൂക്കം നൽകുന്നത്. ഗ്രീസ്‌മാനെയും കൂടെ പണവും നൽകി എങ്ങനെയെങ്കിലും താരത്തെ തട്ടകത്തിൽ എത്തിക്കാനാണ് ബാഴ്സ ശ്രമിക്കുന്നത്. കൂടാതെ ലൗറ്ററോ മാർട്ടിനെസിന് വേണ്ടിയും ബാഴ്സ ശ്രമങ്ങൾ തുടരുന്നുണ്ട്. എന്നാൽ ആവിശ്യമായ പണം ഈ സാഹചര്യത്തിൽ ബാഴ്സയുടെ പക്കലിൽ ഇല്ല എന്നുള്ള കാര്യം ബർത്തെമു തുറന്നുപറഞ്ഞിരുന്നു.

100 മില്യൺ യുറോയാണ് ഗ്രീസ്‌മാന്റെ വില എന്നാണ് ബാഴ്സയുടെ പക്ഷം. 150 മില്യൺ യുറോയാണ് നെയ്മറിന് വിലയിട്ടിയിരിക്കുന്നത്‌. 222 മില്യൺ യുറോ എന്ന റെക്കോർഡ് തുകക്കായിരുന്നു ബാഴ്സയിൽ നിന്ന് നെയ്‌മർ പിഎസ്ജിയിലേക്ക് പോയത്. 120 മില്യൺ യുറോയാണ് ഗ്രീസ്‌മാന് വേണ്ടി ബാഴ്സ ചിലവഴിച്ചതും. ഗ്രീസ്‌മാനെയും കൂടെ അൻപത് മില്യൺ യുറോയും നൽകാനാണ് ബാഴ്സ ആലോചിക്കുന്നതെന്നാണ് സ്കൈ സ്പോർട്സ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. എന്നാൽ നിലവിലെ സാമ്പത്തികപ്രതിസന്ധിയിൽ ബാഴ്സ ഇതിന് മുതിരുമോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *