ഗ്രനാഡയെ തകർത്ത് തരിപ്പണമാക്കി റയൽ,ബാഴ്‌സയെ പിന്തള്ളി രണ്ടാമത്!

ലാലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ വമ്പന്മാരായ റയൽ മാഡ്രിഡിന് ഉജ്ജ്വല വിജയം. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് റയൽ ഗ്രനാഡയെ തകർത്തു വിട്ടത്. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച അർഹിച്ച വിജയമാണ് നേടിയത്. ഗ്രനാഡയുടെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ റയലിന് വേണ്ടി നാലു താരങ്ങളാണ് ഗോളുകൾ നേടിയത്. ലുക്കാ മോഡ്രിച്ച്, റോഡ്രിഗോ,ഓഡ്രിയോസോള,ബെൻസിമ എന്നിവരാണ് റയലിന് വേണ്ടി വല ചലിപ്പിച്ചത്.ജോർഗേ മൊളീനയാണ് ഗ്രനാഡയുടെ ആശ്വാസഗോൾ നേടിയത്. ജയത്തോടെ ബാഴ്‌സയെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്താൻ റയലിന് സാധിച്ചു.36 റൗണ്ടുകൾ പൂർത്തിയായപ്പോൾ 80 പോയിന്റുള്ള അത്ലറ്റിക്കോ ഒന്നാമതും 78 പോയിന്റുള്ള റയൽ രണ്ടാമതും 76 പോയിന്റുള്ള ബാഴ്‌സ മൂന്നാമതുമാണ്. ഇനിയുള്ള രണ്ട് മത്സരങ്ങൾ എല്ലാവർക്കും നിർണായകമാണ്.

റോഡ്രിഗോ, മർവിൻ, മിഗേൽ എന്നിവർക്ക് അവസരം നൽകിയാണ് സിദാൻ ആദ്യഇലവൻ പുറത്തിറക്കിയത്.മത്സരത്തിന്റെ 17-ആം മിനിറ്റിൽ തന്നെ മിഗേലിന്റെ മനോഹരമായ പാസിൽ നിന്ന് ലുക്കാ മോഡ്രിച് ഗോൾ നേടി.തുടർന്ന് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലാണ് റോഡ്രിഗോയുടെ ഗോൾ പിറക്കുന്നത്. മർവിന്റെ പാസ് സ്വീകരിച്ച് മുന്നേറിയ താരം ഗ്രനാഡ പ്രതിരോധത്തെ കബളിപ്പിച്ച് ഫിനിഷ് ചെയ്യുകയായിരുന്നു.എന്നാൽ 71-ആം മിനിറ്റിൽ റീബൗണ്ട് ഗോളാക്കി മാറ്റി കൊണ്ട് മൊളീന ഗ്രനാഡക്ക് പ്രതീക്ഷകൾ നൽകി.എന്നാൽ 75-ആം മിനിറ്റിൽ ഹസർഡിന്റെ പാസിൽ നിന്ന് ഒരു തകർപ്പൻ ഷോട്ടിലൂടെ ഗോൾ നേടിക്കൊണ്ട് ഓഡ്രിയോസോള റയലിന്റെ ലീഡ് ഉയർത്തി.76-ആം മിനുട്ടിൽ ഗ്രനാഡ ഗോൾകീപ്പറുടെ പിഴവ് മുതലെടുത്ത ബെൻസിമ കൂടി ഗോൾ നേടിയതോടെ ഗ്രനാഡ പതനം പൂർണ്ണമായി.

Leave a Reply

Your email address will not be published. Required fields are marked *