ഗോൾഫറെ വെച്ച് സീസൺ പൂർത്തിയാക്കൂ, റയലിനെ പരിഹസിച്ച് ഖത്തർ രാജകുടുബാംഗം!

സൂപ്പർ താരം കിലിയൻ എംബപ്പേക്ക്‌ വേണ്ടി റയൽ തങ്ങളുടെ ആദ്യത്തെ ഓഫർ സമർപ്പിച്ചിരുന്നു.160 മില്യൺ യൂറോയായിരുന്നു താരത്തിന് വേണ്ടി റയൽ പിഎസ്ജിക്ക്‌ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ഈ ഓഫർ പിഎസ്ജി നിരസിക്കുകയായിരുന്നു. പിഎസ്ജിയുടെ സ്പോർട്ടിങ് ഡയറക്ടറായ ലിയനാർഡോയാണ് ഈ തുക നിരസിച്ച കാര്യം അറിയിച്ചത്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം 200 മില്യൺ യൂറോക്കും മുകളിലാണ് പിഎസ്ജി എംബപ്പേക്ക്‌ വേണ്ടി പ്രതീക്ഷിക്കുന്നത്. അത്കൊണ്ട് തന്നെ റയൽ ഇനി പുതിയ ഓഫറുകളുമായി പിഎസ്ജി സമീപിക്കേണ്ടി വരും. ഈ ട്രാൻസ്ഫർ ജാലകം അടക്കാൻ ദിവസങ്ങൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്.

അതേസമയം ഈ വിഷയവുമായി ബന്ധപ്പെട്ട് റയലിനെ പരിഹസിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണിപ്പോൾ ഖത്തറിലെ ഒരു രാജകുടുംബാംഗം. നിലവിൽ പിഎസ്ജി ഖത്തറിന്റെ ഉടമസ്ഥതയിലാണുള്ളത്. അവിടുത്തെ രാജകുടുംബത്തിലെ അംഗമായ ഖലീഫത്തു ബിൻ ഹമദ് അൽത്താനിയുടെ കഴിഞ്ഞ ദിവസത്തെ ട്വീറ്റ് ഇങ്ങനെയാണ്. ” ഞങ്ങൾ നിശ്ചയിച്ച തുക നിങ്ങൾ അംഗീകരിക്കുമ്പോൾ ഞങ്ങളെ ബന്ധപ്പെടൂ..അല്ലാത്ത പക്ഷം നിങ്ങൾ ഗോൾഫറെ വെച്ച് സീസൺ പൂർത്തിയാക്കൂ ” ഇതായിരുന്നു അദ്ദേഹം കുറിച്ചിരുന്നത്. അതായത് എംബപ്പേക്ക്‌ വേണ്ടി പിഎസ്ജി കണ്ടു വെച്ച തുക ഉണ്ടെങ്കിൽ മാത്രം ക്ലബ്ബിനെ സമീപ്പിച്ചാൽ മതിയെന്നും അല്ലാത്ത പക്ഷേ റയൽ ഗാരെത് ബെയ്‌ലിനെ വെച്ച് സീസൺ പൂർത്തിയാക്കൂ എന്നുമാണ് ഇദ്ദേഹം പരിഹാസരൂപേണ അറിയിച്ചിട്ടുള്ളത്. ബെയ്‌ലിന്റെ ഗോൾഫ് പ്രിയം ഫുട്ബോൾ ലോകത്ത് പരസ്യമായ കാര്യമാണ്.ഏതായാലും ഈ ട്വീറ്റ് ഫുട്ബോൾ ലോകത്ത് വലിയ രൂപത്തിൽ ചർച്ചയാവുകയും ചെയ്തു.

ഇതിന് മുമ്പും ഇത്തരം വിവാദപരമായ ട്വീറ്റുകൾ കാരണം ഇദ്ദേഹം വാർത്തകളിൽ ഇടം നേടിയിരുന്നു. മെസ്സിയും ക്രിസ്റ്റ്യാനോയും പിഎസ്ജി ജേഴ്സിയിൽ നിൽക്കുന്ന ചിത്രം പങ്കുവെച്ചത് വലിയ ചർച്ചകൾക്ക്‌ വിധേയമാക്കിയിരുന്നു. കൂടാതെ വിനീഷ്യസ് ജൂനിയറിന്റെ ചിത്രം ട്വീറ്റ് ചെയ്തു കൊണ്ട് റൂമറിന് വഴിയൊരുക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *