ഗോളുകളോട് അമിത മോഹമില്ല, ടീമിൻ്റെ പ്രകടനമാണ് പ്രധാനം: മെസ്സി

കഴിഞ്ഞ സീസണിലും ഈ സീസണിന്റെ തുടക്കത്തിലും ആ പഴയ മെസ്സിയെ ആരാധകർക്ക് കാണാൻ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർഥ്യം. മുൻ കാലങ്ങളിൽ ഗോളടിച്ചു കൂട്ടിയിരുന്ന മെസ്സി സമീപകാലത്ത് പിന്നിലേക്കിറങ്ങി വന്ന് പ്ലേ മേക്കർ റോളിൽ കളിക്കുന്നതാണ് പലപ്പോഴും കാണാനാവുക. കഴിഞ്ഞ സീസണിൽ ഇരുപതിൽ പരം അസിസ്റ്റുകൾ നേടിക്കൊണ്ട് റെക്കോർഡ് ഇടാൻ ഇതുവഴി മെസ്സിക്ക് കഴിഞ്ഞിരുന്നു. ഇപ്പോഴിതാ ഇക്കാര്യം മെസ്സി തന്നെ തുറന്നു പറഞ്ഞിരിക്കുകയാണിപ്പോൾ. തനിക്ക് ഗോളുകളോട് അമിതമോഹമില്ലെന്നും ടീമിന്റെ പ്രകടനത്തിനാണ് താൻ പ്രാധാന്യം നൽകുന്നതെന്നുമായിരുന്നു മെസ്സിയുടെ പ്രസ്താവന. കഴിഞ്ഞ ദിവസം ഗാർഗാന്റ പോഡറോസ എന്ന മാഗസിനിന് നൽകിയ അഭിമുഖത്തിലാണ് മെസ്സി ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ കോവിഡ് ബാധിതരെ സഹായിക്കേണ്ട ആവിശ്യകതയെ കുറിച്ചും ഒരുപാട് കാര്യങ്ങൾ മെസ്സി സംസാരിച്ചു. സമൂഹത്തിലെ അസമത്വം ഇല്ലാതാക്കാൻ നാം ശ്രമിക്കണമെന്നും ഈ സീസണിൽ ബാഴ്സ കിരീടങ്ങൾ നേടിയാൽ കോവിഡിനെതിരെ പൊരുതുന്നവർക്ക് സമർപ്പിക്കുമെന്നും മെസ്സി കൂട്ടിച്ചേർത്തു.

” ഇന്ന് എനിക്ക് ഗോളുകളോട് അമിതമായി മോഹമില്ല. ടീമിന് വേണ്ടി എന്നെ കൊണ്ട് കഴിയുന്ന വിധം സംഭാവന ചെയ്യാനാണ് ഞാനിപ്പോൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത് ” മെസ്സി പറഞ്ഞു. ” ഈ മഹാമാരിക്കിടയിൽ, അടിസ്ഥാനആവിശ്യങ്ങളായ ഭക്ഷണം, വെള്ളം, വൈദ്യുതി എന്നിവയുടെ കാര്യത്തിൽ ഒരു കരുതൽ വേണം. അർജന്റീനയിലെ ജനങ്ങൾ കമ്മ്യൂണിറ്റി കിച്ചണുകളും മറ്റും നടത്തികൊണ്ടുപോവുന്നതിൽ ഞാൻ വളരെയധികം അഭിമാനം കൊള്ളുന്നു. കാരണം നമ്മൾ വളരെയധികം പ്രയാസമേറിയ ഒരു സാഹചര്യത്തിലൂടെയാണ് കടന്നു പോവുന്നത്.നമ്മുടെ സമൂഹത്തിലെ ഏറ്റവും വലിയ പ്രശ്നം അസമത്വമാണ്. അത് ഇല്ലാതാക്കാൻ എല്ലാവരും ഒന്നിച്ചു പ്രവർത്തിക്കേണ്ടതുണ്ട്. ഈ സീസണിൽ കിരീടങ്ങൾ നേടിയാൽ അത് കോവിഡിനെതിരെ പോരാടിയവർക്ക് ഞങ്ങൾ സമർപ്പിക്കും ” മെസ്സി കൂട്ടിച്ചേർത്തു. ഇതുവരെ അർജന്റീന ദേശീയ ടീമിനൊപ്പമായിരുന്ന മെസ്സിക്ക് ഇനി അങ്കം ബാഴ്‌സയിലാണ്. നാളെ ഗെറ്റാഫെക്കെതിരെയാണ് ബാഴ്‌സയുടെ ലീഗ് മത്സരം.

Leave a Reply

Your email address will not be published. Required fields are marked *