ഗെറ്റാഫെക്ക് മുന്നിൽ മുട്ടുമടക്കി ബാഴ്സയുടെ താരനിര !

ലാലിഗയിൽ ഇന്നലെ നടന്ന മറ്റൊരു പോരാട്ടത്തിൽ ബാഴ്സക്ക് അട്ടിമറി തോൽവി. ചിരവൈരികളായ റയൽ മാഡ്രിഡ്‌ അട്ടിമറി തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് എഫ്സി ബാഴ്സലോണയും എതിരാളികൾക്ക് മുന്നിൽ മുട്ടുമടക്കിയത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് എഫ്സി ബാഴ്സലോണ ഗെറ്റാഫെക്ക് മുമ്പിൽ അടിയറവ് പറഞ്ഞത്. രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റിയാണ് ഗെറ്റാഫെക്ക് തുണയായത്. മത്സരത്തിൽ പന്ത് കൈവശം വെക്കാൻ ബാഴ്‌സക്ക് കഴിഞ്ഞുവെങ്കിലും തുടർച്ചയായ കൌണ്ടർ അറ്റാക്കിങ്ങിലൂടെ ഗെറ്റാഫെ ബാഴ്സക്ക് തലവേദനയാവുകയായിരുന്നു. പ്രത്യേകിച്ച് മത്സരത്തിന്റെ അവസാനനിമിഷങ്ങളിൽ ഗെറ്റാഫെയുടെ ആക്രമണം ബാഴ്സയുടെ ഗോൾമുഖം വിറപ്പിച്ചു. തോൽവിയോടെ ബാഴ്സ പോയിന്റ് ടേബിളിൽ ഒമ്പതാം സ്ഥാനത്താണ്. ഒരു മത്സരം കുറച്ചു കളിച്ച ബാഴ്സയുടെ സമ്പാദ്യം ഏഴ് പോയിന്റാണ്.

4-3-3 എന്ന ശൈലിയാണ് കൂമാൻ ഇത്തവണ പയറ്റിയത്. മെസ്സിക്കും ഗ്രീസ്മാനുമൊപ്പം ഡെംബലെയെയാണ് ആദ്യ ഇലവനിൽ കൂമാൻ ഇറക്കിയത്. കൂടാതെ കൂട്ടീഞ്ഞോയെ പുറത്തിരുത്തി കൊണ്ട് പെഡ്രിക്ക് സ്ഥാനം നൽകി. എന്നാൽ ഈ തന്ത്രങ്ങൾ പാളുന്നതാണ് കണ്ടത്. ആദ്യ പകുതിയിൽ ലഭിച്ച അവസരം ഗ്രീസ്‌മാൻ നഷ്ടപ്പെടുത്തിയത് ഒഴിച്ചാൽ വലിയ മുന്നേറ്റങ്ങൾ ഒന്നും ഉണ്ടായില്ല. രണ്ടാം പകുതിയുടെ 56-ആം മിനിറ്റിലാണ് ഗോൾ പിറന്നത്. ഗെറ്റാഫെ താരത്തെ ബോക്സിൽ ഡിജോങ് ഫൗൾ ചെയ്തതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി മാറ്റ ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു. പിന്നീട് പകരക്കാരെ കൂമാൻ പരീക്ഷിച്ചുവെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ അവസാനവിസിൽ മുഴങ്ങിയപ്പോൾ ഗെറ്റാഫെയോട് ഒരു ഗോളിന്റെ പരാജയം രുചിച്ച് പോയിന്റ് നഷ്ടപ്പെടുത്താനായിരുന്നു ബാഴ്സയുടെ യോഗം.

Leave a Reply

Your email address will not be published. Required fields are marked *