ക്ഷമ നശിച്ചു,റാഫിഞ്ഞയെ ബാഴ്സ ഒഴിവാക്കിയേക്കും, പ്രീമിയർ ലീഗിലേക്ക് മടങ്ങുമോ?
എഫ്സി ബാഴ്സലോണയുടെ ബ്രസീലിയൻ സൂപ്പർ താരമായ റാഫീഞ്ഞയെ സംബന്ധിച്ച് കഴിഞ്ഞ സമ്മറിൽ തന്നെ ഒരുപാട് റൂമറുകൾ പ്രചരിച്ചിരുന്നു.അദ്ദേഹത്തെ ബാഴ്സ ഒഴിവാക്കും എന്നായിരുന്നു റൂമറുകൾ.എന്നാൽ താരത്തെ നിലനിർത്താൻ ബാഴ്സലോണ തന്നെ തീരുമാനിക്കുകയായിരുന്നു.ഡെമ്പലെ ക്ലബ്ബ് വിട്ടതോടുകൂടി പകരക്കാരനായി കൊണ്ട് റാഫീഞ്ഞ തുടരണം എന്നായിരുന്നു ബാഴ്സലോണയുടെ നിലപാട്.
പക്ഷേ യഥാർത്ഥ മികവിലേക്ക് ഉയരാൻ ഇപ്പോഴും ഈ ബ്രസീലിയൻ സൂപ്പർതാരത്തിന് കഴിഞ്ഞിട്ടില്ല. ഈ സീസണിൽ 3 ഗോളുകളും 5 അസിസ്റ്റുകളും ആണ് താരം ക്ലബ്ബിന് വേണ്ടി നേടിയിട്ടുള്ളത്.ഈ പ്രകടനത്തിൽ ബാഴ്സ സംതൃപ്തരല്ല.താരത്തിന്റെ കാര്യത്തിൽ ബാഴ്സലോണക്ക് ഇപ്പോൾ ക്ഷമ നശിച്ചു തുടങ്ങിയിട്ടുണ്ട്.അദ്ദേഹത്തെ ഒഴിവാക്കാൻ വീണ്ടും ബാഴ്സലോണ ആലോചിച്ചു തുടങ്ങിയിട്ടുണ്ട്.
Barcelona are running out of patience with Raphinha. https://t.co/xPB4ikgUNR
— barcacentre (@barcacentre) January 5, 2024
പ്രമുഖ സ്പാനിഷ് മാധ്യമമായ സ്പോർട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ബാഴ്സക്ക് താരത്തെ വിറ്റ് കഴിഞ്ഞാൽ ലഭിക്കുന്ന ട്രാൻസ്ഫർ ഫീ ഒരു താൽക്കാലിക ആശ്വാസമാകും എന്നുള്ള ഒരു വിലയിരുത്തലും വരുന്നുണ്ട്. ഏതായാലും റാഫീഞ്ഞയെ ബാഴ്സ വിൽക്കുകയാണെങ്കിൽ ആര് സ്വന്തമാക്കും എന്നത് മറ്റൊരു ചർച്ച വിഷയമാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡ് ഒരിക്കൽക്കൂടി താരത്തിനു വേണ്ടി രംഗത്തുവന്നേക്കും.
കഴിഞ്ഞ സമ്മറിൽ തന്നെ ഇവർ താല്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ബാഴ്സലോണ വിട്ട് നൽകിയിരുന്നില്ല.ന്യൂകാസിൽ താരത്തിന് വേണ്ടിയുള്ള തങ്ങളുടെ ശ്രമങ്ങൾ തുടരുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. നേരത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിച്ചു പരിചയം ഉള്ള താരം കൂടിയാണ് റാഫീഞ്ഞ. വലിയ പ്രതീക്ഷകളോടുകൂടിയാണ് അദ്ദേഹം ബാഴ്സലോണയിൽ എത്തിയെങ്കിലും ആ പ്രതീക്ഷകളോട് നീതിപുലർത്താൻ ഈ ബ്രസീലിയൻ സൂപ്പർതാരത്തിന് കഴിഞ്ഞിട്ടില്ല.