ക്ലബ്ബിൽ മെസ്സിക്കൊപ്പം കളിക്കണം, ഒടുവിൽ ഡിമരിയയും മനസ്സ് തുറന്നു!

സൂപ്പർ താരം ലയണൽ മെസ്സിയെ പിഎസ്ജിയുമായി ബന്ധപ്പെടുത്തി നിരവധി വാർത്തകളും ഊഹാപോഹങ്ങളുമാണ് പരക്കുന്നത്. പിഎസ്ജി താരങ്ങളും അധികൃതരും മെസ്സിയെ പറ്റി സംസാരിക്കുന്നത് ബാഴ്സ മുൻ പ്രസിഡന്റ്‌ ജോൺ ലപോർട്ട ഉൾപ്പടെയുള്ളവരെ അസ്വസ്ഥരാക്കിയിരുന്നു.നെയ്മർ ജൂനിയർ, ലിയാൻഡ്രോ പരേഡസ്, മൗറിസിയോ പോച്ചെട്ടിനോ, ലിയനാർഡോ എന്നിവരെല്ലാം മെസ്സിയെ കുറിച്ച് സംസാരിച്ചിരുന്നു. ഇപ്പോഴിതാ അർജന്റീനയിൽ മെസ്സിയുടെ സഹതാരവും പിഎസ്ജി താരവുമായ എയ്ഞ്ചൽ ഡി മരിയയയും ഇതേകുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്. മെസ്സിക്കൊപ്പം ക്ലബ്ബിൽ കളിക്കണമെന്നാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും എന്നാൽ തനിക്ക് സന്തോഷത്തോടെ വിരമിക്കാമെന്നുമാണ് ഡിമരിയ പറഞ്ഞത്. അതിൽ കൂടുതൽ ഫുട്‍ബോളിൽ നിന്ന് തനിക്ക് ഒന്നും തന്നെ ചോദിക്കാനില്ലെന്നും ഡിമരിയ കൂട്ടിച്ചേർത്തു. അർജന്റൈൻ മാധ്യമമായ ടിവൈസി സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു ഡിമരിയ.

” എപ്പോഴും അദ്ദേഹത്തോടൊപ്പം കളിച്ചു നടക്കാൻ ആഗ്രഹമുള്ള ഒരാളാണ് ഞാൻ. ദേശീയ ടീമിൽ അദ്ദേഹത്തോടൊപ്പം കളിക്കുന്നത് എനിക്ക് ഇതുവരെ മതിയായിട്ടില്ല. ഓരോ ദിവസവും അദ്ദേഹത്തോടൊപ്പം ചിലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ ക്ലബ്ബിൽ അദ്ദേഹത്തോടൊപ്പം കളിക്കുക എന്നുള്ളത് എന്റെ സ്വപ്നമാണ്. ബാഴ്സലോണയിലേക്ക് ചേക്കേറാൻ എനിക്കൊരിക്കൽ അവസരം കൈവന്നിരുന്നു. എന്നാൽ അത് നടന്നില്ല. ഇപ്പോൾ ഒരിക്കൽ കൂടി മെസ്സിക്കൊപ്പം കളിക്കാൻ അവസരം വന്നേക്കാം. പക്ഷേ എന്റെ കരാർ അവസാനിക്കാൻ പോവുകയാണ്. എന്ത് സംഭവിക്കുമെന്നെനിക്കറിയില്ല. പക്ഷേ അദ്ദേഹത്തോടൊപ്പം കളിക്കാൻ സാധിച്ചാൽ എനിക്ക് സന്തോഷമാകും. ഞാൻ ക്രിസ്റ്റ്യാനോ, നെയ്മർ, എംബാപ്പെ എന്നിവരോടൊപ്പം കളിച്ചിട്ടുണ്ട്. ക്ലബ്ബിൽ അദ്ദേഹത്തോടൊപ്പം കളിച്ചുകൊണ്ട് വിരമിക്കാൻ കഴിഞ്ഞാൽ ഞാൻ സന്തോഷവാനാകും.അതാണ് ഏറ്റവും ബെസ്റ്റ്.അതിൽ കൂടുതൽ ഒന്നും തന്നെ എനിക്ക് ഫുട്‍ബോളിൽ നിന്ന് ആവിശ്യപ്പെടാനില്ല ” ഡി മരിയ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *