ക്രിസ്റ്റ്യൻ റൊമേറോയെ വേണം, നീക്കങ്ങൾ ശക്തമാക്കി ബാഴ്‌സയും ടോട്ടൻഹാമും!
അറ്റലാന്റയുടെ അർജന്റൈൻ ഡിഫൻഡർ ക്രിസ്റ്റ്യൻ റൊമേറോയിൽ താല്പര്യം പ്രകടിപ്പിച്ചു കൊണ്ട് നിരവധി ക്ലബുകൾ രംഗത്ത് വന്നിരുന്നു.ഇക്കാര്യം അറ്റലാന്റയുടെ ചീഫായ ലുക്കാ പെർക്കാസി തന്നെയാണ് അറിയിച്ചിരുന്നത്. എന്നാൽ നിലവിൽ താരത്തിന് വേണ്ടി മുൻപന്തിയിലുള്ളത് രണ്ട് വമ്പൻ ക്ലബുകളാണ്. എഫ്സി ബാഴ്സലോണയും ടോട്ടൻഹാമുമാണ് നീക്കങ്ങൾ ശക്തമാക്കിയിരിക്കുന്നത്.അർജന്റൈൻ മാധ്യമമായ മുണ്ടോ ആൽബിസെലസ്റ്റയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തങ്ങളുടെ പ്രതിരോധനിരയുടെ ശക്തി വർധിപ്പിക്കാനാണ് നിലവിൽ ബാഴ്സ ഉദ്ദേശിക്കുന്നത്. അത്കൊണ്ട് തന്നെ സെന്റർ ബാക്ക് പൊസിഷനിലേക്ക് ബാഴ്‌സ ഏറ്റവും കൂടുതൽ പരിഗണിക്കുന്നത് റൊമേറോയെയാണ്.പക്ഷേ സാമ്പത്തികമാണ് ബാഴ്സക്ക് തലവേദനയാവുന്ന കാര്യം.അതേസമയം സ്പർസാവട്ടെ നീക്കങ്ങളിൽ ഒരുപടി കൂടി മുമ്പിലെത്തിയിട്ടുണ്ട്.ടോട്ടൻഹാമിന്റെ മാനേജിങ് ഡയറക്ടറായ ഫാബിയോ പരാറ്റീസി അറ്റലാന്റയുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
FC Barcelona and Tottenham Hotspur reportedly interested in Cristian Romero of Atalanta. This via @OsvaldoGodoy_01. https://t.co/uJruISos2S
— Mundo Albiceleste 🇦🇷 (@MundoAlbicelest) July 20, 2021
നല്ലൊരു തുക ലഭിക്കുകയാണെങ്കിൽ റൊമേറോയെ നൽകാൻ അറ്റലാന്റ സന്നദ്ധത അറിയിച്ചിട്ടുണ്ട്.ട്രാൻസ്ഫർ മാർക്കറ്റിന്റെ റിപ്പോർട്ടുകൾ പ്രകാരം 35 മില്യൺ യൂറോയാണ് താരത്തിന്റെ മൂല്യം. എന്നാൽ 60 മില്യൺ യൂറോയെങ്കിലും താരത്തിന് വേണ്ടി ലഭിക്കണമെന്നാണ് അറ്റലാന്റയുടെ ഇപ്പോഴത്തെ നിലപാട്. കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച റൊമേറോയായിരുന്നു സിരി എയിലെ ഏറ്റവും മികച്ച ഡിഫൻഡർ.മാത്രമല്ല കോപ്പ അമേരിക്കയിലും അർജന്റീനക്ക് വേണ്ടി റൊമേറോ ഉജ്ജ്വലപ്രകടനം തുടർന്നു. അർജന്റീനക്കൊപ്പം കോപ്പ അമേരിക്ക ജേതാക്കളാവാനും ഈ ഇരുപത്തിമൂന്നുകാരന് സാധിച്ചിരുന്നു.