ക്രിസ്റ്റ്യാനോ,റാമോസ്, ബെൻസിമ എന്നിവരുടെ റോൾ ഏറ്റെടുക്കാൻ വിനീഷ്യസ്!

കഴിഞ്ഞ രണ്ട് സീസണുകളിലായി റയൽ മാഡ്രിഡിന് വേണ്ടി തകർപ്പൻ പ്രകടനമാണ് ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർ നടത്തിക്കൊണ്ടിരിക്കുന്നത്.റയലിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായി മാറാൻ ഇക്കാലയളവിൽ വിനീഷ്യസിന് സാധിച്ചിരുന്നു. 45 ഗോളുകളാണ് കഴിഞ്ഞ രണ്ട് സീസണുകളിലായി ഈ താരം നേടിയിട്ടുള്ളത്. ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലും ഗോൾ നേടാൻ ഈ ബ്രസീലിയൻ താരത്തിന് കഴിഞ്ഞിരുന്നു.

നിലവിൽ റയൽ മാഡ്രിഡിന് ഒരു പെനാൽറ്റി ടേക്കറെ ആവശ്യമാണ്. ഇതുവരെ ക്ലബ്ബിന് വേണ്ടി പെനാൽറ്റി എടുത്തിരുന്ന കരീം ബെൻസിമ ക്ലബ്ബിനോട് വിട പറഞ്ഞിട്ടുണ്ട്. ബെൻസിമക്ക് മുന്നേ സെർജിയോ റാമോസ്,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരായിരുന്നു റയൽ മാഡ്രിഡിൽ പെനാൽറ്റികൾ എടുത്തിരുന്നത്.ഈ റോൾ ഏറ്റെടുക്കാൻ ഇപ്പോൾ വിനീഷ്യസ് ജൂനിയർ ആഗ്രഹിക്കുന്നുണ്ട്.

റയലിന് വേണ്ടി ആകെ റൊണാൾഡോ 94 പെനാൽറ്റികൾ ആണ് എടുത്തിട്ടുള്ളത്.അതിൽ 80 എണ്ണം അദ്ദേഹം ഗോളാക്കി മാറ്റിയിട്ടുണ്ട്.2018-ൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബ് വിട്ടതിനുശേഷം സെർജിയോ റാമോസ് പെനാൽറ്റികൾ എടുത്തിരുന്നു. ക്ലബ്ബിന് വേണ്ടി ആകെ എടുത്ത 35 പെനാൽറ്റികളിൽ 30 പെനാൽറ്റികൾ അദ്ദേഹം ഗോളാക്കി മാറ്റിയിട്ടുണ്ട്. അതിനുശേഷമാണ് ബെൻസിമ സ്ഥിരമായി പെനാൽറ്റി എടുക്കാൻ ആരംഭിച്ചത്.റയൽ കരിയറിൽ 35 പെനാൽറ്റികൾ എടുത്ത അദ്ദേഹം 29 പെനാൽറ്റികൾ ഗോളാക്കി മാറ്റിയിട്ടുണ്ട്.

എന്നാൽ ഇതുവരെ റയൽ മാഡ്രിഡിന് വേണ്ടിയോ ബ്രസീലിന് വേണ്ടിയോ പെനാൽറ്റി എടുത്തു പരിചയമില്ലാത്ത താരമാണ് വിനീഷ്യസ്.എന്നാൽ അദ്ദേഹം ഇപ്പോൾ ക്ലബ്ബിന്റെ പെനാൽറ്റി ടെക്കറാവാൻ സാധ്യതയുണ്ട്. ഇപ്പോൾ പരിശീലനത്തിൽ പെനാൽറ്റി കൂടി അദ്ദേഹം പരിശീലിക്കുന്നുണ്ട്. ഏതായാലും അടുത്ത സീസണിൽ ഏഴാം നമ്പറുകാരൻ ആയിരിക്കും പെനാൽറ്റി എടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *