ക്രിസ്റ്റ്യാനോയുടെ പാത പിന്തുടർന്ന് വിനീഷ്യസ് ജൂനിയർ
ശാരീരികക്ഷമതയുടെയും ആരോഗ്യത്തിന്റെയും കാര്യത്തിൽ ഫുട്ബോൾ ലോകത്തിന് മാതൃകയാണ് സൂപ്പർ താരമായ ക്രിസ്റ്റ്യാനോ. കഠിനമായ പരിശ്രമത്തിലൂടെ ശരീരത്തിന്റെ ആരോഗ്യവും ഫിറ്റ്നസും സൗന്ദര്യവും നിലനിർത്തുന്ന താരമാണ് ക്രിസ്റ്റ്യാനോ. ഇതേ പാത തന്നെ പിന്തുടർന്നിരിക്കുകയാണ് റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ യുവതാരം വിനീഷ്യസ് ജൂനിയർ. വീടിനകത്ത് കഠിനമായ വർക്ക്‌ഔട്ടിലൂടെ ശരീരം പുഷ്ടിപ്പെടുത്തിരിക്കുകയാണ് വിനീഷ്യസ്. കഴിഞ്ഞ ദിവസം പുറത്തുവിട്ട താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹികമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
പ്രശസ്തനായ തിയാഗോ ലോബോയാണ് താരത്തിന്റെ ട്രൈനെർ. ബ്രസീലിയൻ ക്ലബ് സാന്റോസിന്റെയും ബ്രസീൽ താരം ഗാബിഗോളിന്റെയും ട്രൈനെർ ആയിരുന്നു ഇദ്ദേഹം. കഴിഞ്ഞ കോപ്പ അമേരിക്കക്ക് ശേഷം ഇദ്ദേഹം വിനീഷ്യസിന്റെ പരിശീലകൻ ആവുകയായിരുന്നു. തുടർന്ന് താരത്തിന്റെ വീട്ടിൽ തന്നെ ജിം ആരംഭിക്കുകയായിരുന്നു. തുടർന്ന് തുടർച്ചയായി വർക്ക് ഔട്ടിലൂടെ അഭൂതപൂർവമായ ആരോഗ്യമാണ് താരത്തിന് കൈവരുത്താനായത്. ഭക്ഷണത്തിലും മാറ്റങ്ങൾ വരുത്തിയ വിനീഷ്യസ് വൽഡെബെബാസിൽ കൃത്യമായ പരിശീലനം നടത്തുകയും ചെയ്യാറുണ്ട്. എന്തായാലും താരത്തിന്റെ ചിത്രങ്ങൾ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.